ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതകഥ സിനിമയാകുന്നു. നരേന്ദ്രമോദിയുടെ എഴുപത്തിയഞ്ചാം ജന്മദിനം രാജ്യം ആഘോഷിക്കുന്ന ദിവസത്തിലാണ് സിനിമ അനൗണ്‍സ് ചെയ്തിരിക്കുന്നത്.സില്‍വര്‍ കാസ്റ്റ് ക്രിയേഷന്‍സിന്റെ ബാനറില്‍ വീര്‍ റെഡ്ഡീ എം ആണ് മാ സിനിമ നിര്‍മിക്കുന്നത്. മാ വന്ദേ എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ മലയാളി താരമായ ഉണ്ണി മുകുന്ദനാണ് നരേന്ദ്രമോദിയായി എത്തുന്നത്.
ക്രാന്തി കുമാര്‍ സി എച്ച് ആണ് സിനിമയുടെ രചനയും സംവിധാനവും. യഥാര്‍ഥ സംഭവങ്ങള്‍ ആസ്പദമാക്കി നരേന്ദ്രമോദിയുടെ കുട്ടിക്കാലം മുതല്‍ രാഷ്ട്രനേതാവാകുന്നത് വരെയുള്ള പ്രചോദനാത്മകമായ ഉയര്‍ച്ചയാകും പ്രേക്ഷകരുടെ മുന്നില്‍ അവതരിപ്പിക്കുക. ഒരു അമ്മയുടെ ധൈര്യം പല യുദ്ധങ്ങളെക്കാളും ശക്തമാണ് എന്ന നരേന്ദ്രമോദിയുടെ വാചകമാണ് സിനിമയുടെ ടൈറ്റില്‍ പോസ്റ്ററില്‍ കുറിച്ചിരിക്കുന്നത്. അന്താരാഷ്ട്ര തലത്തില്‍ മികച്ച് നില്‍ക്കുന്ന സാങ്കേതിക വിദഗ്ധരാകും സിനിമയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുകയെന്ന് നിര്‍മാതാക്കളായ സില്‍വര്‍ കാസ്റ്റ് ക്രിയേഷന്‍സ് അറിയിച്ചു.പാന്‍ ഇന്ത്യ റിലീസായി പുറത്തിറങ്ങുന്ന സിനിമ ഇംഗ്ലീഷിലും റിലീസ് ചെയ്യും.