Shilpa Shetty: ബിസിനസുകാരന്റെ 60 കോടി തട്ടി; ശില്‍പ്പ ഷെട്ടിക്കെതിരെ വഞ്ചനാകേസ്

നിഹാരിക കെ.എസ്

വ്യാഴം, 14 ഓഗസ്റ്റ് 2025 (10:54 IST)
മുംബൈ: ബോളിവുഡ് നടി ശില്‍പ്പ ഷെട്ടിക്കും ഭര്‍ത്താവ് രാജ് കുന്ദ്രയ്ക്കുമെതിരെ വഞ്ചനാകേസ്. ബിസിനസുകാരന്റെ പക്കൽ നിന്നും 60 കോടി തട്ടിയെടുത്തതെന്നാണ് ആരോപണം. തന്റെ 60 കോടി രൂപ തട്ടിയെടുത്തതായി ആരോപിച്ച് മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബിസിനസുകാരനാണ് പരാതി നല്‍കിയത്. 
 
ശില്‍പ്പ ഷെട്ടിക്കും രാജ് കുന്ദ്രയ്ക്കും ബിസിനസ് വിപുലീകരണത്തിനായി 60.48 കോടി രൂപ നല്‍കിയിരുന്നു. പക്ഷേ അവര്‍ അത് വ്യക്തിഗത ചെലവുകള്‍ക്കായി ചെലവഴിച്ചു എന്നാണ് ബിസിനസുകാരന്റെ പരാതിയില്‍ പറയുന്നത്. താര ദമ്പതികളുടെ ഇപ്പോള്‍ പ്രവര്‍ത്തനരഹിതമായ ബെസ്റ്റ് ഡീല്‍ ടിവി പ്രൈവറ്റ് ലിമിറ്റഡിനായുള്ള വായ്പ-നിക്ഷേപ ഇടപാടുമായി ബന്ധപ്പെട്ടതാണ് കേസ്. 
 
2015-2023 കാലഘട്ടത്തില്‍ ബിസിനസ് വിപുലീകരണത്തിനായി 60.48 കോടി രൂപ താന്‍ നല്‍കിയെന്നും എന്നാല്‍ അവര്‍ അത് വ്യക്തിഗത ചെലവുകള്‍ക്കായി ചെലവഴിച്ചുവെന്നും ബിസിനസുകാരനായ ദീപക് കോത്താരി ആരോപിച്ചു. 2015 ല്‍ രാജേഷ് ആര്യ എന്ന ഏജന്റ് വഴിയാണ് താര ദമ്പതികളുമായി താന്‍ ബന്ധപ്പെട്ടതെന്നും കോത്താരി അവകാശപ്പെട്ടു. 
 
പണം കൃത്യസമയത്ത് തിരികെ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് താനുമായി കരാറിലേര്‍പ്പെട്ടതായും ദീപക് കോത്താരി പരാതിയില്‍ പറയുന്നു. 2015 ഏപ്രിലില്‍ ഏകദേശം 31.95 കോടി രൂപയുടെ ആദ്യ ഗഡു കോത്താരി കൈമാറി. എന്നാല്‍ നികുതി പ്രശ്‌നം തുടര്‍ന്നു. സെപ്റ്റംബറില്‍ രണ്ടാമത്തെ കരാര്‍ ഒപ്പിട്ടു. 2015 ജൂലൈ മുതല്‍ 2016 മാര്‍ച്ച് വരെ 28.54 കോടി രൂപ കൂടി കൈമാറിയതായും ബിസിനസുകാരന്‍ പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍