പഴശ്ശിയുടെ വലംകൈ എടച്ചേന കുങ്കനാകാന്‍ ശരത് കുമാറിനെയല്ല ആദ്യം തീരുമാനിച്ചത് !

ബുധന്‍, 14 ജൂലൈ 2021 (13:45 IST)
എം.ടി.വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഹരിഹരന്‍ സംവിധാനം ചെയ്ത ചിത്രമാണ് പഴശ്ശിരാജ. മലയാളത്തിലെ ബ്രഹ്മാണ്ഡ ചിത്രങ്ങളില്‍ മുന്‍നിരയിലുള്ള ഈ ചിത്രം. മമ്മൂട്ടിയാണ് കേരള വര്‍മ പഴശ്ശിരാജയായി അഭിനയിച്ചത്. മമ്മൂട്ടിക്കൊപ്പം തന്നെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് തമിഴ് നടന്‍ ശരത് കുമാര്‍ ആണ്. പഴശ്ശിയുടെ വലംകൈ ആയ എടച്ചേന കുങ്കനെയാണ് ശരത് കുമാര്‍ അവതരിപ്പിച്ചത്. പഴശ്ശിരാജയിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായ ശരത് കുമാര്‍ ഇന്ന് തന്റെ 67-ാം ജന്മദിനം ആഘോഷിക്കുകയാണ്. പഴശ്ശിരാജയില്‍ എടച്ചേന കുങ്കനായി അഭിനയിക്കാന്‍ ശരത് കുമാറിനെയല്ല ആദ്യം തീരുമാനിച്ചത്. അത് മറ്റൊരു സൂപ്പര്‍സ്റ്റാര്‍ ആയിരുന്നു. എന്നാല്‍, ആ താരം എടച്ചേന കുങ്കന്‍ എന്ന കഥാപാത്രത്തോട് നോ പറഞ്ഞപ്പോള്‍ അവസരം ശരത് കുമാറിനെ തേടിയെത്തി. 
 
സുരേഷ് ഗോപിയെയാണ് എടച്ചേന കുങ്കന്‍ ആയി ആദ്യം തീരുമാനിച്ചിരുന്നത്. സുരേഷ് ഗോപി തന്റെ കരിയറില്‍ വേണ്ടന്നുവച്ച കഥാപാത്രങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് പഴശിരാജയിലെ എടച്ചേന കുങ്കന്‍ എന്ന ശക്തമായ വേഷം. മമ്മൂട്ടിയുമായുള്ള പിണക്കത്തെ തുടര്‍ന്നാണ് അന്ന് സുരേഷ് ഗോപി പഴശിരാജയോട് 'നോ' പറഞ്ഞത്. ആ സമയത്ത് മമ്മൂട്ടിയും സുരേഷ് ഗോപിയും അത്ര നല്ല ബന്ധത്തിലായിരുന്നില്ല. ഒടുവില്‍ എടച്ചേന കുങ്കനായി അഭിനയിക്കാന്‍ സംവിധായകന്‍ ഹരിഹരന്‍ പ്രശസ്ത നടന്‍ ശരത് കുമാറിനെ വിളിക്കുകയായിരുന്നു. 
 
സുരേഷ് ഗോപിയെ പഴശിരാജയിലേക്ക് വിളിച്ചിരുന്നതായി ഹരിഹരനും നേരത്തെ വെളിപ്പെടുത്തിയിരുന്നു. 'സുരേഷ് ഗോപിയെ സമീപിച്ചിരുന്നു. എന്നാല്‍, അദ്ദേഹം 'നോ' പറഞ്ഞു. അതോടെ ആ ചാപ്റ്റര്‍ ക്ലോസ് ചെയ്തു. ആ കഥാപാത്രം ചെയ്തില്ലെങ്കില്‍ സുരേഷ് ഗോപിയുടെ കരിയറിലെ വലിയ നഷ്ടമാകും എന്നൊന്നും പറയില്ല. അദ്ദേഹത്തിനു അതിനും മികച്ച കഥാപാത്രങ്ങള്‍ ചിലപ്പോള്‍ കിട്ടുമായിരിക്കാം,' എന്നാണ് ഹരിഹരന്‍ വെളിപ്പെടുത്തിയത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍