Mayanadhi: മായാനദി രണ്ടാം ഭാഗം ഉണ്ടാകുമോ? ആദ്യ ഭാഗം ഹിറ്റായിരുന്നില്ലെന്ന് നിർമാതാവ്

നിഹാരിക കെ.എസ്

വ്യാഴം, 25 സെപ്‌റ്റംബര്‍ 2025 (20:16 IST)
ആഷിഖ് അബു സംവിധാനം ചെയ്ത് 2017 പുറത്തിറങ്ങിയ ചിത്രമാണ് മായാനദി. ശ്യാം പുഷ്കരനും ദിലീഷ് നായരും രചന നിർവഹിച്ചിരിക്കുന്ന സിനിമയിൽ ടൊവിനോ തോമസ്, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ആരാധകർ ഏറ്റെടുത്ത ചിത്രമായിരുന്നു മായാനദി. 
 
ഇന്നും സിനിമയ്ക്കും ചിത്രത്തിലെ ഗാനങ്ങൾക്കും ആരാധകർ ഏറെയാണ്. സിനിമയുടെ രണ്ടാം ഭാഗം ഉണ്ടാകുമെന്ന അഭ്യൂഹങ്ങൾ നിരവധി തവണ സോഷ്യൽ മീഡിയയിൽ വന്നു പോയിട്ടുണ്ട്. ഇപ്പോഴിതാ ഇതിന് ഉത്തരവുമായി എത്തിയിരിക്കുകയാണ് സിനിമയുടെ നിർമാതാവായ സന്തോഷ് ടി കുരുവിള.
 
നിറയെ പ്രേക്ഷക പ്രശംസ നേടിയിരുന്നെങ്കിലും സാമ്പത്തികമായി വലിയ ഹിറ്റായിരുന്നില്ല മായാനദിയെന്നും സന്തോഷ് ടി കുരുവിള പറഞ്ഞു. സിനിമ അടുത്ത വർഷം വാലന്റൈൻസ് ദിനത്തിൽ റീ റീലിസ് ചെയ്യാൻ പദ്ദതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ക്ലബ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.
 
'മായാനദി റീ റീലീസ് ചെയ്യാൻ അത്രയും പൈസ ഒന്നും വേണ്ട. അത് അത്രയും ലേറ്റസ്റ്റ് രീതിയിലാണ് ചെയ്തിരിക്കുന്നത്. ഈ ഫെബ്രുവരി 14 വാലന്റൈൻസ് ദിനത്തിൽ സിനിമ റീ റീലീസ് ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. ആർക്കറിയാം എന്ന സിനിമയും ചെയുന്നുണ്ട്. ആ ചിത്രം വന്നതും കോവിഡ് കാരണം തിയേറ്റർ അടച്ചതും ഒന്നിച്ചായിരുന്നു. അതുകൊണ്ട് ചിത്രം തിയേറ്ററുകളിൽ ഓടിയില്ല.
 
മായാനദി അത്ര വലിയ ഹിറ്റായിരുന്നില്ല. ആളുകൾ ഒരുപാട് പ്രശംസിച്ച ചിത്രമാണ് മയാനദി. എന്നാൽ ഫിനാൻഷ്യലി സിനിമ അത്ര വലിയ ഹിറ്റായിരുന്നില്ല. മായാനദിയുടെ രണ്ടാം ഭാഗം ഞാൻ അല്ല തീരുമാനിക്കുന്നത്. സിനിമയുടെ സംവിധായകൻ ആഷിഖ് അബു ആണ്, പടം എന്റെ ഡ്രീം മിൽസ് സിനിമാസിന്റെ ആണ്. സിനിമയുടെ ഡയറക്ടർ, റൈറ്റർ എല്ലാം വിചാരിച്ചാൽ രണ്ടാം ഭാഗം കൊണ്ട് വരാം,' സന്തോഷ് ടി കുരുവിള പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍