Roundup 2023: മലയാള സിനിമയ്ക്ക് നികത്താനാവാത്ത നഷ്ടങ്ങള്‍ സമ്മാനിച്ച വര്‍ഷമാണ് 2023. വെള്ളിത്തിരയില്‍ പൊട്ടിച്ചിരിപ്പിച്ച പലരും പ്രേക്ഷകരെ കരയിപ്പിച്ച വര്‍ഷം ! സ്വതസിദ്ധമായ ശൈലി കൊണ്ട് വര്‍ഷങ്ങളായി മലയാളിയുടെ നിഷ്‌കളങ്ക ചിരിയുടെ ഭാഗമായിരുന്ന ഇന്നസെന്റ് മുതല്‍ മലയാളത്തിന്റെ മുത്തശ്ശിയായ സുബലക്ഷ്മി വരെ ഒട്ടേറെ നഷ്ടങ്ങള്‍..!
സുബി സുരേഷ്
മലയാള സിനിമാ ലോകത്തെ ഞെട്ടിച്ച മരണ വാര്‍ത്തയായിരുന്നു അവതാരകയും അഭിനേത്രിയുമായ സുബി സുരേഷിന്റേത്. കരള്‍ രോഗത്തെ തുടര്‍ന്ന് 2023 ഫെബ്രുവരി 22 നാണ് സുബി അന്തരിച്ചത്. 34 വയസ്സായിരുന്നു. കരള്‍ രോഗത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു താരം. 1988 ഓഗസ്റ്റ് 23 നാണ് സുബിയുടെ ജനനം. സ്റ്റേജ് ഷോകളിലൂടെയാണ് സുബി അഭിനയ ലോകത്തേക്ക് എത്തുന്നത്. അവതാരക, കോമഡി താരം, മോഡല്‍ എന്നീ നിലകളിലെല്ലാം താരം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. സിനിമാല എന്ന കോമഡി പരിപാടിയിലൂടെയാണ് സുബി ശ്രദ്ധിക്കപ്പെട്ടത്.
ഇന്നസെന്റ്
ചിരിയുടെ അതികായന്‍ ഇന്നസെന്റ് വിടവാങ്ങിയതാണ് 2023 ന്റെ ഏറ്റവും വലിയ നഷ്ടം. മാര്‍ച്ച് 26 നാണ് ഇന്നസെന്റ് അന്തരിച്ചത്. 75 വയസ്സായിരുന്നു. ശ്വാസകോശ അണുബാധയെ തുടര്‍ന്ന് കൊച്ചിയിലെ ലേക് ഷോര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോഴാണ് ഇന്നസെന്റിന്റെ അന്ത്യം. അഞ്ച് പതിറ്റാണ്ടോളം ഇന്നസെന്റ് മലയാള സിനിമയില്‍ സജീവ സാന്നിധ്യമായിരുന്നു. വില്ലന്‍, സഹനടന്‍, ഹാസ്യതാരം എന്നീ നിലകളിലെല്ലാം ഇന്നസെന്റ് മലയാള സിനിമയിലെ നിറസാന്നിധ്യമായിരുന്നു. ലോക്‌സഭാ എംപി എന്ന നിലയിലും ഇന്നസെന്റ് ശ്രദ്ധിക്കപ്പെട്ടിരുന്നു.
മാമുക്കോയ
ഇന്നസെന്റിനു പിന്നാലെ മലയാള സിനിമയുടെ തീരാനഷ്ടമായി മാമുക്കോയ. 2023 ഏപ്രില്‍ 26 നാണ് മാമുക്കോയ അന്തരിച്ചത്. 76 വയസ്സായിരുന്നു. ഹൃദയാഘാതത്തിനൊപ്പം തലച്ചോറില്‍ രക്തസ്രാവം കൂടി ഉണ്ടായതാണ് മാമുക്കോയയുടെ മരണകാരണം. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയായിരുന്നു മരണം. കോഴിക്കോടന്‍ ഭാഷാ ശൈലി കൊണ്ട് മലയാളികളെ പൊട്ടിച്ചിരിപ്പിച്ച നടനാണ് മാമുക്കോയ.
ഹരീഷ് പേങ്ങന്‍
മഹേഷിന്റെ പ്രതികാരം, ജാനേ മന്‍, ഷഫീക്കിന്റെ സന്തോഷം, ജയ ജയ ജയ ജയഹേ, മിന്നല്‍ മുരളി എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ നടന്‍ ഹരീഷ് പേങ്ങന്‍ മേയ് 30 നാണ് അന്തരിച്ചത്. കരള്‍ സംബന്ധമായ അസുഖം ബാധിച്ച് ചികിത്സയില്‍ കഴിയുമ്പോഴാണ് മരണം.
കൊല്ലം സുധി
മിനിസ്‌ക്രീനിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരമായ കൊല്ലം സുധി അന്തരിക്കുന്നത് ഒരു വാഹനാപകടത്തിലാണ്. 2023 ജൂണ്‍ അഞ്ചിന് തൃശൂര്‍ കയ്പമംഗലത്തു വെച്ചാണ് കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടമുണ്ടായത്. കാറിലെ യാത്രക്കാരനായിരുന്നു സുധി. ഡ്രൈവര്‍ക്കൊപ്പം മുന്‍ സീറ്റില്‍ ഇരുന്നിരുന്ന സുധിയുടെ തലയ്ക്ക് ഗുരുതരമായ പരുക്കേറ്റിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കട്ടപ്പനയിലെ ഋത്വിക് റോഷന്‍, കുട്ടനാടന്‍ മാര്‍പാപ്പ, തീറ്റ റപ്പായി, വകതിരിവ്, ആന്‍ ഇന്റര്‍നാഷനല്‍ ലോക്കല്‍ സ്റ്റോറി, കേശു ഈ വീടിന്റെ നാഥന്‍, എസ്‌കേപ്പ്, സ്വര്‍ഗത്തിലെ കട്ടുറുമ്പ് തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടു.
പൂജപ്പുര രവി
മലയാളത്തിലെ മുതിര്‍ന്ന നടന്‍മാരില്‍ ഒരാളായ പൂജപ്പുര രവിയും 2023 ലാണ് അന്തരിച്ചത്. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് 83-ാം വയസ്സിലായിരുന്നു അന്ത്യം. 4,000 ത്തോളം നാടകങ്ങളിലും 800 ലേറെ സിനിമകളിലും രവി അഭിനയിച്ചിട്ടുണ്ട്.
കൈലാസ് നാഥ്
നോണ്‍ ആല്‍ക്കഹോളിക്ക് ലിവര്‍ സിറോസിസിനെ തുടര്‍ന്നാണ് 65-ാം വയസ്സില്‍ നടന്‍ കൈലാസ് നാഥ് അന്തരിച്ചത്. സാന്ത്വനം സീരിയലില്‍ അഭിനയിച്ചു കൊണ്ടിരിക്കെയാണ് താരത്തിനു ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായത്. തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഓഗസ്റ്റ് മൂന്നിനാണ് കൈലാസ് നാഥിന്റെ മരണം.
സംവിധായകന്‍ സിദ്ദിഖ്
മലയാളത്തിനു ഒട്ടേറെ സൂപ്പര്‍ഹിറ്റുകള്‍ സമ്മാനിച്ച സംവിധായകന്‍ സിദ്ദിഖ് 2023 ഓഗസ്റ്റ് എട്ടിനാണ് അന്തരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് കൊച്ചിയിലെ അമൃത ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ന്യുമോണിയ, നോണ്‍ ആല്‍ക്കഹോളിക്ക് ഫാറ്റി ലിവര്‍ എന്നീ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്നതിനിടെയാണ് സിദ്ദിഖിന് ഹൃദയാഘാതമുണ്ടായത്. മോഹന്‍ലാല്‍ ചിത്രം ബിഗ് ബ്രദറാണ് സിദ്ദിഖ് അവസാനമായി സംവിധാനം ചെയ്ത ചിത്രം.
അപര്‍ണ നായര്‍
2023 ഓഗസ്റ്റ് 31 നാണ് സിനിമ-സീരിയല്‍ താരം അപര്‍ണ നായരെ കരമന തളിയലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മാനസിക സമ്മര്‍ദ്ദങ്ങളെ തുടര്‍ന്നാണ് താരം ആത്മഹത്യ ചെയ്തതെന്നാണ് പുറത്തുവന്ന വാര്‍ത്തകള്‍. മേഘതീര്‍ഥം, മുദ്ദുഗൗ, അച്ചായന്‍സ്, കോടതി സമക്ഷം ബാലന്‍ വക്കീല്‍, കല്‍ക്കി തുടങ്ങിയ സിനിമകളിലും ചന്ദനമഴ, ആത്മസഖി, മൈഥിലി വീണ്ടും വരുന്നു, ദേവസ്പര്‍ശം തുടങ്ങിയ സീരിയലുകളിലും താരം അഭിനയിച്ചിട്ടുണ്ട്.
കുണ്ടറ ജോണി
ഹൃദയാഘാതത്തെ തുടര്‍ന്ന് 71-ാം വയസ്സിലാണ് നടന്‍ കുണ്ടറ ജോണി അന്തരിച്ചത്. ഒക്ടോബര്‍ 17 ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. അരനൂറ്റാണ്ടോളം മലയാള സിനിമാ രംഗത്ത് സജീവ സാന്നിധ്യമായിരുന്നു. നൂറിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. അതിരാത്രം, കരിമ്പിന്‍പൂവിനക്കരെ, രാജാവിന്റെ മകന്‍, ആവനാഴി, അടിമകള്‍ ഉടമകള്‍, നാടോടിക്കാറ്റ്, ഒരു സിബിഐ ഡയറിക്കുറിപ്പ്, ചെങ്കോല്‍, ഗോഡ്ഫാദര്‍, ഭരത്ചന്ദ്രന്‍ ഐപിഎസ്, ഭാര്‍ഗവചരിതം മൂന്നാം ഖണ്ഡം, ഓഗസ്റ്റ് 15 എന്നിവയെല്ലാം ശ്രദ്ധിക്കപ്പെട്ട സിനിമകള്‍.
രഞ്ജുഷ മേനോന്‍
നടി രഞ്ജുഷ മേനോനെ ഒക്ടോബര്‍ 30 നാണ് തിരുവനന്തപുരത്തെ ഫ്‌ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ടിവി ചാനല്‍ അവതാരകയായി കരിയര്‍ ആരംഭിച്ച രഞ്ജുഷ സ്ത്രീ എന്ന സീരിയലിലൂടെയാണ് മിനിസ്‌ക്രീനില്‍ അരങ്ങേറ്റം കുറിച്ചത്. സിറ്റി ഓഫ് ഗോഡ്, മേരിക്കുണ്ടൊരു കുഞ്ഞാട്, ലിസമ്മയുടെ വീട്, ബോംബെ മാര്‍ച്ച് 12, തലപ്പാവ്, വാധ്യാര്‍, വണ്‍വേ ടിക്കറ്റ്, കാര്യസ്ഥന്‍, അത്ഭുതദ്വീപ് തുടങ്ങിയ സിനിമകളില്‍ അഞ്ജുഷ അഭിനയിച്ചിട്ടുണ്ട്. മകളുടെ അമ്മ, സ്ത്രീ, ആനന്ദരാഗം, വരന്‍ ഡോക്ടറാണ്, എന്റെ മാതാവ് തുടങ്ങിയവയാണ് രഞ്ജുഷയുടെ ശ്രദ്ധേയമായ സീരിയലുകള്‍.
കലാഭവന്‍ ഹനീഫ്
മിമിക്രി വേദികളിലൂടെ മലയാള സിനിമയില്‍ സജീവ സാന്നിധ്യമായ കലാഭവന്‍ ഹനീഫിനെയും 2023 ല്‍ നഷ്ടമായി. 63 വയസ്സായിരുന്നു. നവംബര്‍ ഒന്‍പതിനാണ് ഹനീഫിന്റെ അന്ത്യം. ആരോഗ്യപരമായ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മിമിക്രി താരമായി സിനിമയിലേക്ക് എത്തിയ ഹനീഫ് ധാരാളം സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. 1991 ല്‍ മിമിക്സ് പരേഡ് എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. സന്ദേശം, ഗോഡ് ഫാദര്‍, ഈ പറക്കും തളിക, പാണ്ടിപ്പട, പച്ചക്കുതിര, ചോട്ടാ മുംബൈ, ചട്ടമ്പിനാട്, ഉസ്താദ് ഹോട്ടല്‍, ദൃശ്യം, കട്ടപ്പനയിലെ ഹൃതിക് റോഷന്‍, ജോര്‍ജേട്ടന്‍സ് പൂരം, ചാലക്കുടിക്കാരന്‍ ചങ്ങാതി തുടങ്ങി നിരവധി സിനിമകളില്‍ ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചു.
വിനോദ് തോമസ്
അയ്യപ്പനും കോശിയും, നത്തോലി ഒരു ചെറിയ മീനല്ല, ജൂണ്‍, ഹാപ്പി വെഡ്ഡിങ് എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ നടന്‍ വിനോദ് തോമസ് അന്തരിച്ചത് 2023 നവംബര്‍ 18 നാണ്. 47 വയസ്സായിരുന്നു. പാമ്പാടിക്ക് അടുത്ത് കാറില്‍ മരിച്ച നിലയിലാണ് വിനോദിനെ കണ്ടെത്തിയത്.
സുബ്ബലക്ഷ്മി
മുത്തശ്ശി വേഷങ്ങളിലൂടെ മലയാളത്തിനു പ്രിയങ്കരിയായ സുബ്ബലക്ഷ്മി 2023 നവംബര്‍ 30 നാണ് അന്തരിച്ചത്. 87 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ രോഗങ്ങളാണ് മരണകാരണം. കല്യാണരാമനിലെ മുത്തശ്ശി വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നടി താരാ കല്യാണിന്റെ അമ്മയാണ് സുബ്ബലക്ഷ്മി.