മത്സരത്തിനില്ലാതെ പുലിമുരുകൻ, ഓണത്തിനും ക്രിസ്തുമസിനും വരില്ല

Webdunia
ബുധന്‍, 13 ജൂലൈ 2016 (15:06 IST)
മോഹൻലാൽ ആരാധകർക്ക് നിരാശ നൽകുന്ന വാർത്തയാണ് കുറച്ചുദിവസമായി പുലിമുരുകൻ സമ്മാനിക്കുന്നത്. റിലീസ് ഇന്നുണ്ടാകും നാളെയുണ്ടാകുമെന്ന ആരാധകരുടെ പ്രതീക്ഷയാണ് കാടുകയറിയിരിക്കുന്നത്. കഴിഞ്ഞ വിഷുവിന് റിലീസ് ചെയ്യുമെന്നായിരുന്നു ആദ്യം വന്ന വാർത്ത. എന്നാൽ പിന്നീട് അത് റംസാനിലേക്ക് മാറ്റിവെച്ചു. 
 
റംസാനും പുലിമുരുകൻ എത്തിയില്ല. ഇപ്പോഴിത പുതിയ വാർത്ത. പുലിമുരുകൻ ഓണത്തിനും ക്രിസ്തുമസിനും റിലീസ് ചെയ്യില്ല എന്ന്. ചില സാങ്കേതിക തകരാറുകൾ കാരണമാണ് റിലീസ് നീളുന്നതെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കുന്നു. എന്നാൽ, അതുമാത്രമല്ല മറ്റ് പ്രശ്നങ്ങളും ഉണ്ടെന്നാണ് വാർത്തകൾ.
 
മോഹൻലാൽ - പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഒപ്പം റിലീസ് ചെയ്യുന്നത് ഓണത്തിനാണ്. പുലിമുരുകൻ ഓണത്തിന് റിലീസ് ചെയ്യാത്തതിന്റെ ഒരു കാരണം ഒപ്പമാണെന്നാണ് വാർത്തകൾ. അതോടൊപ്പം മോഹൻലാലിനെ തെലുങ്ക് ചിത്രമായ ജനത ഗാരേജും റിലീസ് ചെയ്യുന്നുണ്ട്. ഇതും പുലിമുരുകന്റെ റിലീസിനെ ബാധിക്കുമെന്നാണ് സംസാരം.
 
അടുത്ത വര്‍ഷം ആദ്യം വലിയ ചിത്രങ്ങളൊന്നും ഉണ്ടാവില്ല എന്നാണ് പ്രതീക്ഷിയ്ക്കുന്നത്. മത്സരങ്ങളില്ലാതെ ജനുവരി ആദ്യം പുലിമുരുകന്‍ റിലീസ് ചെയ്യും എന്ന് പ്രതീക്ഷിക്കാം.
Next Article