പ്രേം നസീറിന്റെ മകന്‍ ഷാനവാസ് അന്തരിച്ചു; അപ്രതീക്ഷിത വിയോഗമെന്ന് മുകേഷ്

രേണുക വേണു

ചൊവ്വ, 5 ഓഗസ്റ്റ് 2025 (08:38 IST)
Shanavas

മലയാളത്തിന്റെ ആദ്യ സൂപ്പര്‍താരം പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് (70) അന്തരിച്ചു. തിങ്കളാഴ്ച രാത്രി 11.50 ഓടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 
 
നാല് വര്‍ഷമായി വൃക്ക-ഹൃദയ സംബന്ധമായ രോഗങ്ങള്‍ക്കു ചികിത്സയിലായിരുന്നു ഷാനവാസ്. സംസ്‌കാരം ഇന്ന് വൈകിട്ട് അഞ്ചിന് പാളയം മുസ്ലിം ജമാഅത്ത് ഖബര്‍സ്ഥാനില്‍. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് തിങ്കളാഴ്ച വൈകിട്ട് ഷാനവാസിനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. 
 
981ല്‍ ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത പ്രേമഗീതങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് ഷാനവാസ് സിനിമയിലേക്ക് എത്തിയത്. മഴനിലാവ്, ഈയുഗം, മണിയറ, നീലഗിരി, ഗര്‍ഭശ്രീമാന്‍, സക്കറിയയുടെ ഗര്‍ഭിണികള്‍ തുടങ്ങിയ ഒട്ടേറെ പ്രമുഖ ചിത്രങ്ങളില്‍ വേഷമിട്ടു. 2011 ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍-ദിലീപ്-ജയറാം ചിത്രം ചൈനടൗണില്‍ ഷാനവാസ് അഭിനയിച്ചിട്ടുണ്ട്. 
 
ഷാനവാസിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നതായി നടനും എംഎല്‍എയുമായ മുകേഷ് പറഞ്ഞു. അസുഖബാധിതനാണെന്ന് അറിഞ്ഞ് ഈയടുത്ത് ഷാനവാസിനെ വീട്ടില്‍ പോയി സന്ദര്‍ശിച്ചിരുന്നെന്ന് പറഞ്ഞ മുകേഷ് അദ്ദേഹത്തോടൊപ്പമുള്ള ചിത്രവും ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍