ഇന്ദ്രജിത്ത് സുകുമാരനുമായുള്ള വിവാഹത്തോടെ സിനിമാ ജീവിതം ഉപേക്ഷിച്ച നടിയാണ് പൂർണ്ണിമ ഇന്ദ്രജിത്ത്. രണ്ട് പെണ്മക്കൾ ഉണ്ടായ ശേഷം പൂർണിമ തന്റെ ബിസിനസിലേക്ക് കടന്നു. വർഷങ്ങൾക്ക് ശേഷം ഇപ്പോൾ വീണ്ടും സിനിമയിൽ സജീവമാണ് നടി. വിവാഹശേഷവും കരിയറും സ്വപ്നങ്ങളും ഒരുപോലെ നേടിയെടുത്ത് മുന്നോട്ട് പോകുന്നു.
നടിക്ക് ഏറ്റവും കൂടുതൽ വിമർശനം ലഭിക്കാറുള്ളത് മക്കളായ പ്രാർത്ഥനയുടേയും നക്ഷത്രയുടേയും വസ്ത്രധാരണത്തിന്റെ പേരിലാണ്. മക്കൾ അൽപ്പ വസ്ത്രധാരികളായി നടക്കാൻ അമ്മ പ്രോത്സാഹിപ്പിക്കുന്നുവെന്ന തരത്തിലാണ് കമന്റുകൾ ഏറെയും. ഇപ്പോഴിതാ മാതാപിതാക്കളും മക്കളും തമ്മിലുള്ള ബോണ്ടിങ് എങ്ങനെയായിരിക്കണം എന്നതിനെ കുറിച്ച് തുറന്നു പറയുകയാണ് നടി. തന്റെ അനുഭവത്തിന്റെ വെളിച്ചത്തിലാണ് പൂർണ്ണിമയുടെ വാക്കുകൾ.
'മാതാപിതാക്കൾ മാതാപിതാക്കളായി തന്നെയാണ് ഇരിക്കേണ്ടത്. ആദ്യത്തെ കുഞ്ഞുണ്ടാകുമ്പോൾ നമുക്കും എല്ലാം ഫസ്റ്റ് ടൈമാണ്. അതൊരു കോർ മെമ്മറിയായി മനസിലുണ്ടാകും. അതുകൊണ്ടാണെന്ന് തോന്നുന്നു എല്ലാവരും രണ്ടാമത്തെ കുഞ്ഞ് എങ്ങനെയാണ് വളർന്നതെന്ന് പോലും ഓർമയില്ലെന്ന് പറയുന്നത്. ആദ്യത്തെ കുഞ്ഞിനെ പരിപാലിച്ചാണ് പല കാര്യങ്ങളും പഠിച്ചത്.
രണ്ടാമത്തെ കുഞ്ഞായി നക്ഷത്ര വന്നപ്പോൾ അതിൽ നിന്നും പ്രോഗ്രസുണ്ടായി. ഓരോ കുടുംബവും ഓരോ കുഞ്ഞും വ്യത്യസ്തരാണ്. പ്രാർത്ഥനയെ വളർത്തിയതുപോലെ എനിക്ക് നക്ഷത്രയേയും വളർത്താമെന്ന് ചിന്തിക്കുന്നത് തെറ്റാണെന്ന് എനിക്ക് പിന്നെ മനസിലായി. പ്രത്യേകിച്ച് ടീനേജായപ്പോൾ. ഒരു രീതിയിൽ നോക്കിയാൽ ഇതിനെല്ലാം ഭയങ്കരമായ ഒരു ബ്യൂട്ടിയുണ്ട്.
മക്കൾക്ക് ഫ്രീഡത്തിൽ ബൗണ്ടറി സെറ്റ് ചെയ്യാൻ ബുദ്ധിമുട്ടാണ്. പ്രത്യേകിച്ച് സോഷ്യൽമീഡിയ കൂടി ഉള്ളതുകൊണ്ട്. ഇപ്പോൾ നമുക്കൊപ്പം സമൂഹം കൂടി ഇടപെട്ടാണ് മക്കളെ വളർത്തുന്നത്. എക്സീപിരിയൻസാണ് ബെസ്റ്റ് ടീച്ചർ. ഇപ്പോൾ ഞാൻ നക്ഷത്രയുടെ കാര്യങ്ങൾ നോക്കാൻ പ്രാർത്ഥനയുടെ സഹായം കൂടി ചോദിക്കാറുണ്ട്. അവളും അത് ചെയ്ത് തരും. ജീവിതത്തിൽ ഏറ്റവും പ്രധാനം അവനവന്റെ കാലിൽ നിൽക്കാൻ പറ്റുക എന്നതാണെന്ന് ഞാൻ എന്റെ കുട്ടികളോട് പറയാറുള്ള കാര്യമാണ്. സ്വന്തമായി ഒരു തൊഴിലുണ്ടാവുക, ഒരാളെയും ആശ്രയിക്കാതെ ജീവിക്കുക എന്നതൊക്കെ പ്രധാനമാണ്.
ഏത് സാഹചര്യത്തിൽ നിന്നും മാറി നിന്നാലും എനിക്ക് സ്വയമെ ജീവിക്കാൻ പറ്റുമെന്ന കോൺഫിഡൻസ് തരുന്നത് തൊഴിലാണ്. എനിക്ക് നാൽപ്പത്തിയഞ്ച് വയസായി. പക്ഷെ ഞാൻ എന്റെ അമ്മയോട് എന്റെ കൂട്ടുകാരികളോട് പറയുന്ന കാര്യം ഈ പ്രായത്തിൽ ഞാൻ പറയില്ല. പറയേണ്ട കാര്യങ്ങൾ മാത്രമെ പറയൂ. അത് മനസിലാകണമെങ്കിൽ ഒരു അമ്മയുടെ സ്ഥാനത്ത് നിന്നാലെ മനസിലാകൂ.
ആ ഒരു ബാലൻസ് കീപ്പ് ചെയ്ത് പോകാൻ ശ്രമിക്കണമെന്ന് മാത്രമെ ഞാൻ പറഞ്ഞിട്ടുള്ളു. അല്ലാതെ ഫ്രണ്ടാകാൻ പറ്റുമോയെന്ന് ചോദിച്ചാൽ ഇപ്പോൾ അതിന് എനിക്ക് ഉത്തരം പറയാൻ പറ്റില്ല. മാതാപിതാക്കൾ മാതാപിതാക്കളായി തന്നെയാണ് ഇരിക്കേണ്ടത്. ഇടയ്ക്ക് ഇടയ്ക്ക് കുട്ടികൾക്ക് ഫ്രണ്ട്സിനോട് തോന്നുന്നതുപോലുള്ള ആ ഒരു കംഫേർട്ടും എന്ത് തുറന്ന് പറയാനുമുള്ള, അവരെ കുറ്റപ്പെടുത്താതെയും ജഡ‍്ജ് ചെയ്യാതെയും അവർക്ക് എല്ലാം തുറന്ന് പറയാനുള്ള സ്പേസ് നമുക്ക് ക്രിയേറ്റ് ചെയ്യാം', പൂർണ്ണിമ പറയുന്നു.