Param Sundari: 'മര്യാദയ്ക്ക് മലയാളം പറയുന്ന നടിമാരെ ആരെയും കിട്ടിയില്ലേ?': വിമർശിച്ച് നടി പവിത്ര മേനോൻ

നിഹാരിക കെ.എസ്

ശനി, 16 ഓഗസ്റ്റ് 2025 (12:29 IST)
ജാൻവി കപൂർ, സിദ്ധാർഥ് മൽഹോത്ര എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് പരം സുന്ദരി. ചിത്രത്തിന്റെ ട്രെയ്‌ലർ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ചിത്രത്തിൽ ജാൻവി അവതരിപ്പിക്കുന്ന കഥാപാത്രം മലയാളിയാണ്. ചിത്രത്തിലെ ജാൻവി കപൂറിന്റെ കാസ്റ്റിങ്ങിനെ വിമർശിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് മലയാളി ​ഗായികയും നടിയുമായ പവിത്ര മേനോൻ.
 
മലയാളികൾ എല്ലായിടത്തും മുല്ലപ്പൂവ് ചൂടി മോഹിനിയാട്ടം കളിച്ചു നടക്കുന്നവരല്ല എന്നും എല്ലാവരെയും പോലെ സാധാരണ രീതിയിൽ സംസാരിക്കുന്നവരാണ് എന്നും പവിത്ര കുറിച്ചു. ‘ഒരു മലയാളി നടിയെ കണ്ടെത്താൻ ഇത്ര ബുദ്ധിമുട്ടാണോ’ എന്ന തരത്തിൽ ഇൻസ്റ്റഗ്രാമിൽ പവിത്ര മേനോൻ ഒരു വീഡിയോയും പങ്കുവച്ചിരുന്നു. പവിത്രയുടെ വിമർശനം സമൂഹമാധ്യമങ്ങളിൽ ചർച്ചയായി.
 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by PAVITHRA MENON (@pavithramenon)

പവിത്ര പങ്കുവച്ച വീഡിയോ കോപ്പിറൈറ്റ് പ്രശ്നം പറഞ്ഞ് നീക്കം ഇൻസ്റ്റഗ്രാം നീക്കം ചെയ്തിരുന്നു. ‘പരം സുന്ദരി’യുടെ നിർമാതാക്കളായ മാഡോക് ഫിലിംസ് ആണ് വീഡിയോയ്‌ക്കെതിരെ രംഗത്ത് വന്നത്. പക്ഷേ, നടി വീണ്ടും വിഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘റി റിലീസ്ഡ്’ എന്ന ആമുഖത്തോടെയാണ് വീണ്ടും ആ വിഡിയോ പങ്കുവയ്ക്കപ്പെട്ടത്. ജാൻവി കപൂറിനോട് ഒരു വിദ്വേഷവുമില്ലെന്നും മലയാളത്തെ ഇങ്ങനെ മോശമാക്കരുതെന്ന അഭ്യർഥനയെ ഉള്ളൂവെന്നും പവിത്ര പറയുന്നു.
 
‘ഞാൻ പവിത്ര മേനോൻ, ഒരു മലയാളിയാണ്. പരം സുന്ദരിയുടെ ട്രെയ്‌ലർ കണ്ടു. സിനിമയിലെ കഥാപാത്രത്തിന് അനുയോജ്യയായ ഒരു മലയാളി നടിയെ കണ്ടെത്താൻ കഴിയില്ലേ? നമുക്ക് കഴിവ് കുറവാണോ? കേരളത്തിൽ ഉള്ളവർ ആണെങ്കിൽ ഇങ്ങനെ ആയിരിക്കില്ല. മലയാളം സംസാരിക്കുന്നതു പോലെ നന്നായി എനിക്ക് ഹിന്ദിയും സംസാരിക്കാൻ കഴിയും. 90കളിലെ മലയാള സിനിമകളിൽ പഞ്ചാബികളെ കാണിക്കേണ്ടി വന്നപ്പോൾ നമ്മൾ അതിശയോക്തിപരമായി ‘ബല്ലേ ബല്ലേ’ എന്നൊക്കെ പറഞ്ഞിട്ടുണ്ട്. 
 
എന്നാൽ ഇപ്പോൾ 2025 ആണ്. ഒരു മലയാളി എങ്ങനെയാണ് സംസാരിക്കുന്നതെന്ന് ഇന്ന് എല്ലാവർക്കും അറിയാം. ഞങ്ങൾ എല്ലായിടത്തും മുല്ലപ്പൂവ് വച്ച് മോഹിനിയാട്ടം കളിച്ചു നടക്കുകയല്ല. എന്തിനാണ് കഷ്ടപ്പെടുന്നത്? ട്രെയ്‌ലറിനെക്കുറിച്ച് പറയുന്നതിനു മുൻപ് ഒരു കാര്യം. കഥാപാത്രത്തിന് അനുയോജ്യയായ ഒരു മലയാളി നടിയെ കണ്ടെത്താൻ ഇത്ര ബുദ്ധിമുട്ടുണ്ടോ?', സിനിമാ ട്രെയ്‌ലറിൽ ജാൻവി കപൂർ സ്വയം പരിചയപ്പെടുത്തുന്നത് ചൂണ്ടിക്കാണിച്ചു കൊണ്ട് പവിത്ര പറയുന്നത് ഇങ്ങനെയാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍