'ആണുങ്ങള്‍ അല്ലേ ഭരിക്കേണ്ടത്, പെണ്ണുങ്ങള്‍ നമ്മുടെ താഴെയായിരിക്കണം'; കൊല്ലം തുളസി

നിഹാരിക കെ.എസ്

ശനി, 16 ഓഗസ്റ്റ് 2025 (11:24 IST)
താര സംഘടന അമ്മയുടെ ഇത്തവണത്തെ തെരഞ്ഞെടുപ്പിന് ഏറെ പ്രത്യേകതകളുണ്ടായിരുന്നു. മത്സര ഫലം പുറത്തുവരുമ്പോൾ സ്ത്രീകളാണ് ഇത്തവണ നേതൃത്വ നിരയിൽ. ശ്വേത മേനോന്‍ ആണ് പുതിയ പ്രസിഡന്റ്. കുക്കു പരമേശ്വരന്‍ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. ഇതാദ്യമായിട്ടാണ് അമ്മയുടെ തലപ്പത്തേക്ക് സ്ത്രീകളെത്തുന്നത്. നടന്‍ ദേവനെ പരാജയപ്പെടുത്തിയാണ് ശ്വേത അമ്മയുടെ പ്രസിഡന്റാകുന്നത്.
 
ചരിത്രമായി മാറിയ തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതികരിച്ചും വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍ അറിയിച്ചും സിനിമാ ലോകത്തു നിന്നും പുറത്തു നിന്നുമെല്ലാം നിരവധി പേരെത്തുന്നുണ്ട്. ഇതിനിടെ നടന്‍ കൊല്ലം തുളസിയുടെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. ആണുങ്ങള്‍ അല്ലേ ഭരിക്കേണ്ടത്, പെണ്ണുങ്ങള്‍ എപ്പോഴും ആണുങ്ങളുടെ താഴെയിരിക്കേണ്ടവരാണ് എന്ന കൊല്ലം തുളസിയുടെ വാക്കുകളാണ് ചര്‍ച്ചയായി മാറുന്നത്.
 
'പെണ്ണുങ്ങള്‍ ഭരിക്കുമെന്ന് അവര്‍ പറയുന്നു. ഞങ്ങള്‍ ഭരിക്കുമെന്ന് ആണുങ്ങള്‍ അവകാശപ്പെടുന്നു. ഏത് നടക്കുമെന്ന് കണ്ടറിയണം. ആണുങ്ങള്‍ അല്ലേ ഭരിക്കേണ്ടത്? പെണ്ണുങ്ങള്‍ എപ്പോഴും നമ്മുടെ താഴെയിരിക്കണം. പുരുഷന്മാര്‍ എപ്പോഴും പെണ്ണുങ്ങളുടെ മുകളിലായിരിക്കണം'' എന്നാണ് കൊല്ലം തുളസി പറയുന്നത്. എന്നാല്‍ വിഡിയോയുടെ അവസാനം താന്‍ വെറുതെ പറഞ്ഞതാണെന്ന് കൊല്ലം തുളസി വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍