Manjima Mohan: സർജറിയിലൂടെ ഭാരം കുറയ്ക്കാൻ നോക്കിയിരുന്നു: തുറന്നു പറഞ്ഞ് മഞ്ജിമ മോഹൻ

നിഹാരിക കെ.എസ്

ശനി, 16 ഓഗസ്റ്റ് 2025 (11:45 IST)
ഫിറ്റ്‌നസിനെക്കുറിച്ചുള്ള തെറ്റായ ചിന്തകള്‍ മൂലം സര്‍ജറിയിലൂടെ വണ്ണം കുറയ്ക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് തുറന്നു പറഞ്ഞ് നടി മഞ്ജിമ മോഹന്‍. ആരോഗ്യത്തോടെയിരിക്കുക എന്നാല്‍ മെലിഞ്ഞിരിക്കുകയാണെന്നാണ് ഒരിക്കല്‍ താനും കരുതിയിരുന്നതെന്നും എന്നാല്‍ പിന്നീടാണ് തനിക്ക് ഇക്കാര്യത്തിൽ തിരിച്ചറിവുണ്ടായതെന്നും മഞ്ജിമ പറയുന്നു. ഒരു പോഡ്കാസ്റ്റില്‍ സംസാരിക്കുകയായിരുന്നു മഞ്ജിമ മോഹന്‍.
 
കുറച്ചുകൂടെ വണ്ണം വച്ചിരുന്ന സമയത്ത് ഞാന്‍ കരുതിയിരുന്നത് ആരോഗ്യവതിയാണെന്നാണ്. ഒരു ഘട്ടമെത്തിയപ്പോഴാണ് അങ്ങനെയല്ലെന്ന് മനസിലാകുന്നത്. ഫിസിക്കല്‍ ട്രാന്‍സ്ഫര്‍മേഷന്‍ ആയിരുന്നില്ല. എനിക്ക് പിസിഒഡി ഉണ്ടായിരുന്നു. അതിനാല്‍ ഭാരം കുറക്കണമായിരുന്നു. പക്ഷെ മെലിഞ്ഞതു കൊണ്ടും ആരോഗ്യമുണ്ടാകണം എന്നില്ലെന്നതാണ് വസ്തുത. ആ തിരിച്ചറിവുണ്ടാകാന്‍ കുറച്ച് സമയമെടുത്തുവെന്നാണ് മഞ്ജിമ പറയുന്നത്.
 
എനിക്ക് ഭാരമെടുക്കുന്നത് ഇഷ്ടമാണ്. പലരും ഇത് പറയുമ്പോള്‍ വിശ്വസിക്കില്ല. അവരുടെ ധാരണയില്‍ വെയ്റ്റ് ലിഫ്റ്റിങ് ചെയ്യുന്നവര്‍ക്ക് ഒരു പ്രത്യേകതരം ശരീരപ്രകൃതമായിരിക്കണം. എന്നാല്‍ അതങ്ങനെയല്ല, എനിക്ക് ഭാരമെടുക്കുന്നത് ഇഷ്ടമാണ്, എനിക്ക് ഭാരമെടുക്കാന്‍ സാധിക്കും. വെയിറ്റെടുക്കുന്നവരാണെങ്കില്‍ ഇങ്ങനെയായിരിക്കണം എന്ന സ്റ്റിഗ്മയുണ്ടെന്നും താരം പറയുന്നു.
 
''ഞാന്‍ സര്‍ജറിയിലൂടെ ഭാരം കുറയ്ക്കാനായി ഡോക്ടറെ കണ്ടിരുന്നു. തമാശ പറയുന്നതല്ല. എങ്ങനെയെങ്കിലും ചെയ്‌തേ പറ്റുവെന്ന് കരുതിയിരുന്ന ഭ്രാന്തമായൊരു ഘട്ടമായിരുന്നു അത്. കാരണം എല്ലാവരും പറഞ്ഞിരുന്നത് ഇതേ വഴിയുള്ളൂവെന്നാണ്. നല്ല ഡോക്ടറായിരുന്നു. തിരികെ വീട്ടില്‍ വന്ന ശേഷം ഞാന്‍ കരഞ്ഞു. ഞാനിത് എന്താണ് എന്നോട് തന്നെ ചെയ്യുന്നതെന്ന് ഓര്‍ത്ത് കരഞ്ഞു.'' എന്നാണ് മഞ്ജിമ പറയുന്നത്.
 
ഇത് എന്റെ ജോലി മാത്രമാണ്, എന്റെ ജീവിതമുണ്ട്. ഇതൊക്കെ ചെയ്ത് ഒരു ലുക്കിലെത്താന്‍ പറ്റും, അത് കാരണം പത്ത്-പതിനഞ്ച് സിനിമയും കിട്ടിയെന്ന് വരാം. പക്ഷെ ആരും വന്ന് ഹൗ യു ഫീലിങ് എന്ന് ചോദിക്കില്ല. നിങ്ങള്‍ ആരോഗ്യവതിയാണോ, എന്തെങ്കിലും സഹായം വേണോ എന്നൊന്നും ആരും വന്ന് ചോദിക്കില്ലെന്ന തിരിച്ചറിവുണ്ടായെന്നാണ് താരം പറയുന്നത്. അങ്ങനെയാണ് ഞാന്‍ എന്താണ് ആരോഗ്യം എന്ന് തിരിച്ചറിയുന്നതെന്നും മഞ്ജിമ പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍