അമ്മയുടെ തലപ്പത്ത് മുമ്പുണ്ടായിരുന്നവർ തന്നെ വരട്ടെയെന്ന് പാർവതി തിരുവോത്ത്

നിഹാരിക കെ എസ്

വെള്ളി, 22 നവം‌ബര്‍ 2024 (11:15 IST)
ഹേമ കമ്മിറ്റി റിപ്പോർട്ട് മലയാള സിനിമയെ പിടിച്ച് കുലുക്കിയിരുന്നു. സിദ്ദിഖ് അടക്കമുള്ളവർക്കെതിരെ ഉയർന്ന ലൈംഗികാരോപണങ്ങൾ വിവാദമായതോടെ, താരസംഘടനയായ അമ്മയിൽ കൂട്ടരാജി സംഭവിച്ചു. പ്രസിഡന്റ് മോഹൻലാൽ അടക്കമുള്ള മുഴുവൻ ഭാരവാഹികളും രാജിവെച്ചിരുന്നു. അമ്മയുടെ ഭരണസമിതി പിരിച്ചുവിട്ടു. ജൂൺ വരെ നിലവിലുള്ള ഭാരവാഹികൾ തന്നെ കാര്യങ്ങൾ തീരുമാനിക്കും. ഇനി താൻ സംഘടനാ തലപ്പത്തേക്കില്ലെന്ന് മോഹൻലാൽ ഉറപ്പിച്ച് കഴിഞ്ഞു. 
 
ഇപ്പോഴിതാ അമ്മ സംഘടനയിലെ കൂട്ടരാജിയുമായി ബന്ധപ്പെട്ട് ഡബ്ല്യുസിസി അം​ഗവും നടിയുമായ പാർവതി തിരുവോത്ത് മനോരമ ന്യൂസിനോട് സംസാരിക്കവെ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്. എഎംഎംഎയുടെ തലപ്പത്ത് ആര് വന്നാലും അവർ എന്താണ് ചെയ്യുന്നതെന്നേ നോക്കാനുള്ളുവെന്ന് പാർവതി പറഞ്ഞു.
 
'എഎംഎംഎയുടെ തലപ്പത്ത് മുമ്പുണ്ടായിരുന്നവർ തന്നെ വരട്ടെ. പുതിയതായി ആര് വന്നാലും പഴയ ആൾക്കാർ തന്നെ വന്നാലും അവർ എന്താണ് ചെയ്യുന്നത് എന്നത് മാത്രമെ നമുക്ക് നോക്കാനുള്ളു. എഎംഎംഎ തിരിച്ച് വരാൻ പാടില്ലെന്നും ഞാൻ പറഞ്ഞിട്ടില്ല. അതാരും പറഞ്ഞിട്ടില്ല. ഒരു സംഘടനയുണ്ടാവണം. എത്ര കാലം എടുത്ത് ഉണ്ടാക്കിയ സംഘടനയാണ്. അതിന് നല്ലൊരു ലീഡർഷിപ്പ് വരികയാണെങ്കിൽ കൊള്ളാം. 
 
എന്നാൽ ഒരു കാര്യമുണ്ട് ഹേമ കമ്മിറ്റി റിപ്പോർട്ട് ഒരു സെൻസേഷണലിസത്തിൽ മാത്രം ഒതുങ്ങുന്ന കാര്യമാകില്ല. കാരണം അത് ഉറപ്പ് വരുത്താൻ നമ്മൾ എല്ലാവരുമുണ്ട്. കാരണം ഞങ്ങളുടെ ചോരയും നീരും കഷ്ടപ്പാടുകളുമൊക്കെ അതിലേക്ക് പോയിട്ടുണ്ട്. ആരെയും പേടിപ്പിക്കാനോ വലിച്ച് താഴെയിടാനോ വേണ്ടിയല്ല ഒന്നും ചെയ്യുന്നത്. ന്യായവും തുല്യവുമായ ജോലിസ്ഥലം എല്ലാവർക്കും ലഭിക്കണം എന്നതിന് വേണ്ടിയാണ്', പാർവതി പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍