അച്ഛന്റെ കളരിയില്‍ പഠിച്ച മക്കള്‍ക്ക് പിഴക്കില്ല,അനൂപിന് പിന്നാലെ അഖിലും സ്വതന്ത്ര സംവിധായകന്‍,നിര്‍മ്മാതാവ് ആന്റോ ജോസഫിന് പറയാനുള്ളത് ഇതാണ്

കെ ആര്‍ അനൂപ്

വെള്ളി, 28 ഏപ്രില്‍ 2023 (10:15 IST)
സത്യന്‍ അന്തിക്കാടിന്റെ മകന്‍ അഖില്‍ സത്യന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'പാച്ചുവും അത്ഭുതവിളക്കും'. 
ഫഹദ് ഫാസില്‍ നായകനായെത്തുന്ന സിനിമ ഇന്നുമുതല്‍ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തും. ചിത്രം റിലീസ് ചെയ്യുമ്പോള്‍ നിര്‍മ്മാതാവ് ആന്റോ ജോസഫിന് പറയാനുള്ളത് ഇതാണ്.
 
ആന്റോ ജോസഫിന്റെ വാക്കുകളിലേക്ക്
അഖില്‍ സത്യന്‍ എന്ന പേര് ഇന്ന് വെള്ളിത്തിരയില്‍ തെളിഞ്ഞു തുടങ്ങുമ്പോള്‍ മനോഹരമായൊരു കുടുംബചിത്രത്തിലെ ക്ലൈമാക്‌സ് രംഗം പോലെയാകുന്നു അത്. കുടുംബ ചിത്രങ്ങളുടെ സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റേത് സംവിധായക കുടുംബമാകുന്ന കാഴ്ച. സത്യേട്ടന്റെ മൂന്ന് മക്കളില്‍ ഇരട്ടക്കുട്ടികളാണ് അനൂപും അഖിലും. അനൂപിന് പിന്നാലെ അഖിലും സ്വതന്ത്ര സംവിധായകനാകുകയാണ് 'പാച്ചുവും അത്ഭുതവിളക്കും ' എന്ന സിനിമയിലൂടെ. അച്ഛന്റെ കളരിയില്‍ പഠിച്ച മക്കള്‍ക്ക് പിഴക്കില്ല. 'വരനെ ആവശ്യമുണ്ട് ' എന്ന കന്നി ചിത്രത്തിലൂടെ അനൂപ് അത് തെളിയിച്ചതാണ്. അഖിലിന്റെ പാച്ചുവും അത്ഭുതം തെളിച്ചു തരുമെന്ന് ഉറപ്പ്. മലയാളി കുടുംബങ്ങളുടെ മനസ്സിനെ അന്തിക്കാടന്‍ ഒപ്പുകടലാസിനോളം പകര്‍ത്തിയെടുത്ത മറ്റാരാണുള്ളത്! പഠിച്ച് മിടുക്കരായി ഉയര്‍ന്നജോലി നേടിയതിനു ശേഷമാണ് സത്യേട്ടന്റെ മക്കള്‍ സിനിമയിലേക്കിറങ്ങുന്നത്. അച്ഛന്റെ വഴിയാണ് ഞങ്ങളുടേതും എന്ന തിരിച്ചറിവിലായിരുന്നിരിക്കണം അത്. അച്ഛന്‍ മുന്നേ നടക്കുമ്പോള്‍ അവരുടെ ചുവടുകള്‍ തെറ്റില്ല. സത്യേട്ടന്റെ മൂത്ത മകന്‍ അരുണ്‍ എം.ബി.എ.കഴിഞ്ഞ ശേഷം സിനിമ തിരഞ്ഞെടുക്കാതെ ബിസിനസ് രംഗത്താണ്. ഇവിടെയും സത്യന്‍ അന്തിക്കാട് സിനിമകള്‍ നമ്മുടെ മനസ്സിലേക്കെത്തുന്നു. ഈ നല്ല നിമിഷത്തില്‍ ഞാന്‍ ഓര്‍ക്കുന്നത് മറ്റൊരാളെയാണ്. സത്യേട്ടന്റെ ഭാര്യയും അനൂപിന്റേയും അഖിലിന്റേയും അമ്മയുമായ നിര്‍മല എന്ന നിമ്മിച്ചേച്ചിയെ. സത്യേട്ടന്‍ എഴുതിയ 'ഒരു നിമിഷം തരൂ നിന്നിലലിയാന്‍' പാട്ടിലെ 'നിര്‍മ്മലേ എന്‍ അനുരാഗം തളിര്‍ത്തുവെങ്കില്‍' എന്ന വരികളിലെ നായിക. അന്തിക്കാട്ടെ വീട്ടിലും പറമ്പിലുമായി മറഞ്ഞു നില്‍ക്കുന്ന, ചേച്ചിയാണ് യഥാര്‍ഥത്തില്‍ സത്യന്‍ അന്തിക്കാട് നായകനാകുന്ന കുടുംബകഥയിലെ ഏറ്റവും ഹൃദ്യമായ കഥാപാത്രം. ഭര്‍ത്താവും മക്കളും നേട്ടങ്ങളിലേക്ക് വളരുന്നത് തന്റേതായ ലോകത്തു നിന്നു കണ്ട് സന്തോഷിക്കുന്നയാള്‍. മക്കളില്‍ രണ്ടാമത്തെയാളും സംവിധായകനാകുന്ന ഈ പകലിലും നിമ്മിച്ചേച്ചി വാഴയിലത്തണലിനോ പടര്‍ന്നേറി നില്‍ക്കുന്ന പയര്‍ വള്ളികള്‍ക്കിടയിലോ ആയിരിക്കും. അതാണ് നല്ല കൃഷിക്കാരിയായ അവരുടെ സന്തോഷം. അവിടത്തെ തോട്ടത്തിലെ നൂറുമേനി പോലെ അഖിലിന്റെ സിനിമയും പൊലിക്കട്ടെ. ഒരിക്കല്‍ക്കൂടി വിജയാശംസകള്‍..
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍