നിവിന്‍ പോളി, ഇന്ദ്രജിത്ത് സുകുമാരന്‍, ജോജു ജോര്‍ജ്ജ് തുടങ്ങി വന്‍ താരനിര അണിനിരന്ന ചിത്രമാണ് തുറമുഖം. രാജീവ് രവിയാണ് സംവിധാനം. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന തുറമുഖം എല്ലാ വര്‍ക്കുകളും കഴിഞ്ഞെങ്കിലും ഇതുവരെ റിലീസ് ചെയ്തിട്ടില്ല. സാമ്പത്തികമായ ചില പ്രശ്‌നങ്ങള്‍ കാരണമാണ് തുറമുഖം റിലീസ് ചെയ്യാത്തതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇപ്പോള്‍ ഇതാ തുറമുഖം റിലീസ് വൈകുന്നതില്‍ വലിയ വിഷമമുണ്ടെന്ന് തുറന്നുപറയുകയാണ് നിവിന്‍ പോളി. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് നിവിന്‍ ഇതേ കുറിച്ച് തുറന്നുപറഞ്ഞത്.
' തുറമുഖം നമ്മള്‍ കാത്തിരിക്കുന്ന സിനിമയാണ്. ഓരോ തവണ അനൗണ്‍സ് ചെയ്യും, അത് മാറ്റിവയ്ക്കും. അതിന്റെ നിര്‍മാതാവ് തീരുമാനിക്കേണ്ട കാര്യമാണ്. ഞാനും സംവിധായകന്‍ രാജീവേട്ടനും ഇതിനുവേണ്ടി എല്ലാ സഹായങ്ങളും ചെയ്തതാണ്. പരിഹരിക്കാന്‍ പറ്റുന്ന നിലയിലാണോ അതെന്ന് നിര്‍മാതാവാണ് തീരുമാനിക്കേണ്ടത്. സാമ്പത്തികമായി നമുക്ക് ഇനി ഇടപെടാന്‍ പറ്റാത്ത അവസ്ഥയിലേക്ക് പോയിരിക്കുകയാണ്. എല്ലാ വര്‍ക്കുകളും കഴിഞ്ഞിരിക്കുകയാണ് പടത്തിന്റെ. രാജീവ് രവിയില്‍ നിന്നുള്ള ഏറ്റവും മികച്ച പടമാണ് അത്. മലയാളത്തിലെ മികച്ചൊരു ക്ലാസിക്ക് സിനിമയായി മാറേണ്ടതാണ് അത്. പത്ത് പന്ത്രണ്ട് ഫൈറ്റൊക്കെയുള്ള കൊമേഴ്‌സ്യല്‍ സിനിമാണ്. അത്തരം ഒരു സിനിമ ചെയ്തിട്ട് എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് അറിയില്ല.' നിവിന്‍ പോളി പറഞ്ഞു.