ദേശീയ, സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഇന്ന് പ്രഖ്യാപിക്കും; അറിയേണ്ടതെല്ലാം

രേണുക വേണു

വെള്ളി, 16 ഓഗസ്റ്റ് 2024 (08:04 IST)
ദേശീയ, സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ഇന്ന്. ഉച്ചയ്ക്കു രണ്ടിനാണ് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിക്കുക. ഉച്ചകഴിഞ്ഞു മൂന്നിനു ദേശീയ അവാര്‍ഡ് പ്രഖ്യാപനം. 2022 ലെ ചിത്രങ്ങള്‍ക്കു വേണ്ടിയുള്ള ദേശീയ പുരസ്‌കാരങ്ങളാണ് ഇന്ന് പ്രഖ്യാപിക്കുന്നത്. 2022 ജനുവരി ഒന്നുമുതല്‍ ഡിസംബര്‍ 31 വരെ സെന്‍സര്‍ ചെയ്ത ചിത്രങ്ങളെയാണ് പുരസ്‌കാരത്തിനായി പരിഗണിച്ചിരിക്കുന്നത്. 
 
2023 ലെ പുരസ്‌കാരങ്ങളാണ് സംസ്ഥാന തലത്തില്‍ പ്രഖ്യാപിക്കുക. 2023 ജനുവരി ഒന്നുമുതല്‍ ഡിസംബര്‍ 31 വരെയുള്ള സിനിമകള്‍ സംസ്ഥാന പുരസ്‌കാരത്തിനായി പരിഗണിച്ചിരിക്കുന്നത്. കോവിഡ് മൂലമാണ് ദേശീയ അവാര്‍ഡ് പ്രഖ്യാപനത്തില്‍ ഒരു വര്‍ഷത്തെ കാലതാമസം സംഭവിച്ചത്. 
 
ദേശീയ, സംസ്ഥാന അവാര്‍ഡ് ഫൈനല്‍ റൗണ്ടില്‍ മലയാളത്തില്‍ നിന്ന് മമ്മൂട്ടിയുടെ സാന്നിധ്യമുണ്ട്. നന്‍പകല്‍ നേരത്ത് മയക്കം, റോഷാക്ക് എന്നീ സിനിമകളിലെ അഭിനയത്തിനാണ് മികച്ച നടനുള്ള ദേശീയ അവാര്‍ഡിനു മമ്മൂട്ടി പരിഗണിക്കപ്പെടുന്നത്. കാതല്‍, കണ്ണൂര്‍ സ്‌ക്വാഡ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിനു മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡിനും താരം ഫൈനല്‍ റൗണ്ടില്‍ എത്തിയിരിക്കുന്നു. ആടുജീവിതത്തിലെ അഭിനയത്തിനു പൃഥ്വിരാജ് ആണ് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് കാറ്റഗറിയില്‍ മത്സരിക്കുന്ന മറ്റൊരു താരം. മികച്ച നടനുള്ള ദേശീയ അവാര്‍ഡില്‍ മമ്മൂട്ടിക്കെതിരെ മത്സരിക്കുന്നത് കാന്താര എന്ന സിനിമയിലെ പ്രകടനത്തിനു കന്നഡ താരം റിഷഭ് ഷെട്ടിയാണ്.
 
സംവിധായകനും തിരക്കഥാകൃത്തുമായ സുധീര്‍ മിശ്രയാണ് സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി അധ്യക്ഷന്‍. സംവിധായകന്‍ പ്രിയനന്ദനനും ഛായാഗ്രാഹകന്‍ അഴകപ്പനുമാണ് പ്രാഥമിക ജൂറി അധ്യക്ഷന്‍മാര്‍. സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി, എഴുത്തുകാരന്‍ എന്‍.എസ്.മാധവന്‍ എന്നിവര്‍ ജൂറി അംഗങ്ങളാണ്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍