തെലുങ്ക് സിനിമയില്‍ കല്‍ക്കി എന്ന ബ്രഹ്‌മാണ്ഡ സിനിമയൊരുക്കി പ്രേക്ഷകശ്രദ്ധ നേടിയ സംവിധായകനാണ് നാഗ് അശ്വിന്‍. കല്‍ക്കിയ്ക്ക് മുന്‍പ് കീര്‍ത്തി സുരേഷിനെ പ്രധാനകഥാപാത്രമാക്കി ഒരുക്കിയ മഹാനടി എന്ന സിനിമയാണ് നാഗ് അശ്വിന്‍ സംവിധാനം ചെയ്തത്. സിനിമയില്‍ ദുല്‍ഖര്‍ സല്‍മാനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഈ സൗഹൃദം കാരണം കല്‍ക്കിയില്‍ ഒരു ചെറിയ കാമിയോ റോളില്‍ ദുല്‍ഖര്‍ അഭിനയിക്കുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ നിര്‍മാതാവ് എന്ന രീതിയില്‍ ദുല്‍ഖര്‍ നിര്‍മിച്ച ലോക ഇന്ത്യയാകെ വലിയ വിജയം സ്വന്തമാക്കുമ്പോള്‍ ദുല്‍ഖറിനെയും ടീം ലോകയേയും പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് നാഗ് അശ്വിന്‍. മഹാനടി ചെയ്യാനൊരുങ്ങിയപ്പോള്‍ ദുല്‍ഖര്‍ അല്ലാതെ മറ്റൊരു നടനും തന്നെ വിശ്വസിച്ചില്ലെന്നും അതേ വിശ്വാസവും സ്‌നേഹവുമാണ് ദുല്‍ഖറിനെ ലോക പോലുള്ള സിനിമ ചെയ്യാന്‍ പ്രാപ്തനാക്കിയതെന്നും ലോകയുടെ തെലുങ്ക് സക്‌സസ് മീറ്റില്‍ നാഗ് അശ്വിന്‍ പറഞ്ഞു.
ഒരു സിനിമ മാത്രമെടുത്ത ഒരു സംവിധായകന്‍ കീര്‍ത്തി സുരേഷിനെ നായികയാക്കി മഹാനടി എന്നൊരു സിനിമ ചെയ്യാനൊരുങ്ങിയപ്പോള്‍ ദുല്‍ഖര്‍ അല്ലാതെ മറ്റാരും എന്നെ വിശ്വസിച്ചില്ല. ആ സിനിമ ദുല്‍ഖറിന് ചെയ്യേണ്ട കാര്യമില്ലായിരുന്നു. ആ സിനിമ ഇഷ്ടമായതുകൊണ്ടാണ്‍ ദുല്‍ഖര്‍ അത് ചെയ്തത്. 30 കോടി മുടക്കി ഫീമെയില്‍ ലീഡ് സൂപ്പര്‍ ഹീറോ സിനിമ ദുല്‍ഖര്‍ ചെയ്യാനുള്ള കാരണവും അത് തന്നെ. നാഗ് അശ്വിന്‍ പറഞ്ഞു.