സീതാരാമം എന്ന ചിത്രത്തിലൂടെ തെലുങ്കിലും തന്റേതായ ഒരു സ്ഥാനം ഉണ്ടാക്കിയെടുത്തിരിക്കുകയാണ് നടൻ ദുൽഖർ സൽമാൻ. അന്ന് ആ സിനിമയുടെ റിലീസ് സമയത്ത് ദുൽഖറിന് ഉണ്ടായിരുന്ന അതേ ആശങ്ക ഇപ്പോൾ കാന്ത സിനിമയുടെ റീലീസ് അടുക്കുമ്പോഴും ഉണ്ടെന്ന് പറയുകയാണ് നടി മൃണാൾ താക്കൂർ. ഇൻസ്റ്റന്റ് ബോളിവുഡ് പോഡ്‌കാസ്റ്റിലായിരുന്നു നടിയുടെ പ്രതികരണം.
'സീതാ രാമം സിനിമയുടെ സമയത്ത് ദുൽഖർ വല്ലാതെ നെർവസായിരുന്നു. ആ സിനിമ നന്നായി വരുമെന്നും നമ്മൾ രണ്ട് പേരും നല്ല രീതിയിൽ പെർഫോം ചെയ്തിട്ടുണ്ടെന്നും പറഞ്ഞ് ദുൽഖറിനെ ഞാൻ അന്ന് ഓക്കെയാക്കി. പിന്നീട് ഈ തവണ അദ്ദേഹത്തിന്റെ പിറന്നാൾ ആശംസിക്കാൻ വിളിച്ചിരുന്നു. അപ്പോൾ അയാൾ വീണ്ടും നെർവസായി ഇരിക്കുകയിരുന്നു. ഇത്തവണ എന്താണ് കാരണമെന്ന് ചോദിച്ചപ്പോൾ കാന്ത സിനിമയാണെന്നായിരുന്നു മറുപടി.
ആ പടത്തിന്റെ ടീസർ ഞാൻ കണ്ടിരുന്നു. ദുൽഖർ നന്നായി അഭിനയിച്ചിട്ടുണ്ടെന്ന് ഉറപ്പാണ്. 'എന്തൊരു പെർഫോമൻസാണ് തന്റേത്. നന്നായി വരു'മെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞിരുന്നു. എന്നെപ്പോലെയായാൽ മതിയായിരുന്നു എന്നാണ് ദുൽഖർ എന്നോട് പറഞ്ഞത്. അധികം കാര്യങ്ങളെക്കുറിച്ച് ടെൻഷനാകാതെ ചിൽ ആയി നടക്കാൻ ആഗ്രഹമുണ്ടെന്ന് ദുൽഖർ പറഞ്ഞു,' മൃണാൾ പറയുന്നു. തനിക്ക് എല്ലാ കാര്യത്തിലും ഉത്തരവാദിത്തബോധമുണ്ടെങ്കിലും അധികം ടെൻഷൻ അടിക്കാൻ താല്പര്യം ഇല്ലെന്നും മൃണാൾ കൂട്ടിച്ചേർത്തു.