തിയറ്ററിന് അകത്ത് നിന്നുള്ള ആരാധകരുടെ ആഘോഷങ്ങളുടെ വിഡിയോയും ചിത്രങ്ങളും ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലാണ്. മോഹൻലാൽ ആരാധകർക്കായി പ്രത്യേക മാഷപ്പ് വിഡിയോയും തിയറ്ററിൽ പ്രദർശിപ്പിച്ചു. സരയു, കൈലാഷ് ഉൾപ്പെടെ നിരവധി സിനിമാ താരങ്ങളും ഈ ഷോയിൽ പങ്കെടുത്തിരുന്നു. മികച്ച അഡ്വാൻസ് ബുക്കിങ് ആണ് സിനിമയ്ക്ക് ലഭിക്കുന്നത്. ബുക്കിങ് ആരംഭിച്ച ആദ്യ മണിക്കൂറിൽ തന്നെ ചിത്രം ബുക്ക് മൈ ഷോയിൽ ട്രെൻഡ് ആയി. ആദ്യ ദിനം സിനിമയ്ക്ക് വലിയ കളക്ഷൻ തന്നെ നേടാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.
രഞ്ജിത്ത് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ചിത്രത്തിലെ മംഗലശ്ശേരി നീലകണ്ഠനും കാർത്തികേയനും മുണ്ടക്കൽ ശേഖരനുമൊക്കെ പ്രേക്ഷകരുടെ എക്കാലത്തേയും ജനപ്രിയ കഥാപാത്രങ്ങളാണ്. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമിച്ച ഈ ചിത്രം 4Kഅറ്റ്മോസിൽ എത്തിക്കുന്നത് മാറ്റിനി നൗ എന്ന കമ്പനിയാണ്. അതേസമയം, നേരത്തെ റീ റിലീസിന് എത്തിയ മോഹൻലാൽ ചിത്രമായ ഛോട്ടാ മുംബൈ വമ്പൻ കളക്ഷൻ ആയിരുന്നു രണ്ടാം വരവിലും നേടിയത്.