തൻ്റെ സിനിമകളിലൂടെ ശക്തമായ രാഷ്ട്രീയം പറഞ്ഞിരുന്ന ഗൊദാർദ് ഫ്രഞ്ച് വിദ്യാർഥി സമരത്തിൻ്റെ കാലത്ത് കാൻസ് ചലച്ചിത്രോത്സവം നിർത്തലാക്കാൻ മുൻപന്തിയിൽ നിന്ന സിനിമാക്കാരൻ കൂടിയാണ്. 1968ലെ കാൻസ് ചലച്ചിത്രോത്സവത്തിൽ വിഖ്യാത സംവിധായകനായ ഫ്രാങ്കോയ്സ് ട്രൂഫോ ജീൻ ലൂക്ക് ഗൊദാർദ് എന്നിവർ ചേർന്നാണ് പ്രതിഷേധത്തിൻ്റെ സ്വരം ഉയർത്തിയത്. രാജ്യമെങ്ങും വിദ്യാർഥി പ്രക്ഷോഭങ്ങൾ ശക്തമായി നിൽക്കുന്ന സമയത്ത് നടത്തുന്ന ചലച്ചിത്രമേള വെറും പ്രഹസനമെന്ന് മേള തടസ്സപ്പെടുത്തി ഇരുവരും വാദിച്ചപ്പോൾ ഗൊദാർദ് ഒരുപടി കൂടി കടന്ന് കൊണ്ട് പറഞ്ഞു. ഞങ്ങൾ തൊഴിലാളികളോടും വിദ്യാർഥികളോടും ഉള്ള ഐക്യദാർഡ്യത്തെ പറ്റിയാണ് സംസാരിക്കുന്നത്. നിങ്ങളാവട്ടെ ഡോളി ഷോട്ടുകളെയും ക്ലോസപ്പുകളെയും കുറിച്ചും നിങ്ങളെല്ലാം നാണംകെട്ടവരാണ്.
കാലമേറെ കഴിഞ്ഞും ഗൊദാർദിൻ്റെ ആദ്യ ചിത്രമായ ബ്രീത്ത്ലെസ് വീണ്ടും വീണ്ടും ചർച്ചയായി. 60കളിൽ ഹോളിവുഡ് സിനിമാ ആഖ്യാനങ്ങളെ തകിടം മറിച്ചുകൊണ്ട് ഗൊദാർദ് ചെയ്ത ചിത്രം ഇന്നും ഏറെ പുതുമയുള്ള ചിത്രമാണ് എന്നതിൻ്റെ തെളിവാണ് ആ ചിത്രത്തിൽ നിന്നും പ്രചോദനമുൾകൊണ്ട് 2017ൽ മായാനദി എന്ന സിനിമ രൂപം കൊണ്ടു എന്നത്. സിനിമയുടെ റിലീസിന് ശേഷം സിനിമയുടെ സ്ത്രീപക്ഷ വായനയെ പറ്റി ഇന്നും അത് കേരളസമൂഹത്തിൽ വലിയ വലിയ ചർച്ചകൾ ഇളക്കിവിടുമ്പോൾ ബ്രീത്ത്‌ലെസിൻ്റെ അനുകരണം മാത്രമാണ് മായാനദി എന്ന വിമർശനം ഒരു കോണിൽ നിന്നും ഉയർന്നു വന്നിരുന്നു.
പ്രതാപ് ജോസഫ് അടക്കമുള്ള സമാന്തര സിനിമകളുടെ വക്താക്കൾ മായാനദി ബ്രീത്ത്‌ലെസിൻ്റെ ഒരു കോപ്പി മാത്രമാണെന്ന വാദം ഉന്നയിച്ചപ്പോൾ മുൻ മാതൃകകളിൽ നിന്നും പ്രചോദനമുൾക്കൊണ്ട് കൊണ്ട് വാണിജ്യസിനിമകൾ രൂപം കൊള്ളുന്നത് ആരോഗ്യകരമാണെന്ന നിലപാടാണ് സനൽകുമാർ ശശിധരനെ പോലുള്ള സംവിധായകർ സ്വീകരിച്ചത്. കാര്യം എന്തെല്ലാമായാലും 1960ൽ ഗൊദാർദ് ഒരുക്കിയ ചിത്രത്തിൻ്റെ അനുരണനങ്ങൾ ഫ്രാൻസിൽ നിന്നും ഇങ്ങുദൂരെ കേരളത്തിൽ 2017ലും അലയടിച്ചു എന്നതാണ് ഗൊദാർദ് എന്ന ചലച്ചിത്രകാരനെ കാലാതീതനാക്കി നിലനിർത്തുന്നത്.