കമ്മ്യൂണിസ്റ്റ് പ്രാദേശിക നേതാവായിരുന്ന ലീനയുടെ അച്ഛൻ പകർച്ചവ്യാധി ബാധിച്ചായിരുന്നു മരണപ്പെട്ടത്. അച്ഛൻ്റെ മരണത്തോടെ ലീന കുടുംബത്തിൻ്റെ അവസാന അത്താണിയായി മാറുകയായിരുന്നു. ജീവിക്കാനായി പഠനം ഉപേക്ഷിച്ച ലീന പിന്നീട് നാടകരംഗത്തിലേക്ക് കടക്കുകയായിരുന്നു. നാടകരംഗത്ത് തന്നെയുള്ള കെ എൽ ആൻ്റണിയായിരുന്നു ലീനയുടെ ഭർത്താവ്.
നാടകവും സിനിമയുമെല്ലാമായി പിന്നീട് ലീന തിരക്കിലായി. രണ്ട് മക്കളും കൂടെ പിറന്നതോടെ അഭിനയജീവിതവും കുടുംബവും കൊണ്ടുപോകാനുള്ള പരക്കംപാച്ചിലിൽ ലീന പഠനത്തെ പറ്റി ചിന്തിച്ചതേയില്ല. ഒടുവിൽ ഭർത്താവിൻ്റെ മരണം സൃഷ്ടിച്ച ശൂന്യതയിലാണ് 73കാരിയായ ലീന വീണ്ടും പഠനത്തിലേക്ക് തിരിച്ചെത്തിയത്. മകനും എഴുത്തുകാരനുമായ ലാസർ ഷൈൻ്റെ ഭാര്യ മായകൃഷ്ണനോടാണ് ലീന ആദ്യം പഠനത്തെ പറ്റി പറഞ്ഞത്.