മമ്മൂട്ടി-മഞ്ജു വാര്യര്‍ കൂട്ടുകെട്ടില്‍ പിറന്ന ദ പ്രീസ്റ്റ് തിയറ്ററുകളില്‍ വന്‍ വിജയം നേടിയ ചിത്രമാണ്. കോവിഡ് പ്രതിസന്ധിക്കിടെയാണ് പ്രീസ്റ്റ് തിയറ്ററുകളിലെത്തിയത്. എന്നാല്‍, മലയാളികള്‍ ഇരുകൈയും നീട്ടി പ്രീസ്റ്റിനെ സ്വീകരിച്ചു. മമ്മൂട്ടിയും മഞ്ജു വാര്യറും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകതയും പ്രീസ്റ്റിന് ഉണ്ടായിരുന്നു. മലയാള സിനിമയില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പേ എത്തിയവരാണ് മമ്മൂട്ടിയും മഞ്ജു വാര്യറും. പക്ഷേ, ഒന്നിച്ചൊരു സിനിമയില്‍ അഭിനയിക്കാന്‍ 2020 വരെ കാത്തിരിക്കേണ്ടിവന്നു. എന്നാല്‍, വര്‍ഷങ്ങള്‍ക്ക് മുന്‍പ് പുറത്തിറങ്ങിയ ഒരു മമ്മൂട്ടി ചിത്രത്തില്‍ അഭിനയിക്കാന്‍ മഞ്ജുവിന് ക്ഷണം ലഭിച്ചിരുന്നു. അന്ന് മഞ്ജു ഒരു യെസ് മൂളിയിരുന്നെങ്കില്‍ മമ്മൂട്ടിക്കൊപ്പം അഭിനയിക്കുകയെന്ന തന്റെ സ്വപ്‌നം നിറവേറ്റാന്‍ മഞ്ജുവിന് ഇത്ര കാത്തിരിക്കേണ്ടിവരില്ലായിരുന്നു.
1997 ല്‍ പുറത്തിറങ്ങിയ കളിയൂഞ്ഞാല്‍ എന്ന സിനിമയിലാണ് മഞ്ജുവിന് ക്ഷണം ലഭിച്ചിരുന്നത്. അനില്‍ ബാബുവാണ് ഈ സിനിമയുടെ സംവിധായകന്‍. മമ്മൂട്ടി, ശോഭന, ശാലിനി, ദിലീപ് എന്നിവരാണ് സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഈ ചിത്രത്തില്‍ ശോഭനയ്ക്ക് പകരം ആദ്യം പരിഗണിച്ചത് മഞ്ജു വാര്യറെയാണ്. എന്നാല്‍, ഡേറ്റ് ക്ലാഷ് കാരണം മഞ്ജുവിന് ആ സിനിമയില്‍ ഭാഗമാകാന്‍ കഴിഞ്ഞില്ലെന്നാണ് റിപ്പോര്‍ട്ട്. വേറെ സിനിമകളുടെ തിരക്കിലായിരുന്നു താരം. ശോഭന അവതരിപ്പിച്ച ഗൗരി എന്ന കഥാപാത്രത്തിനാണ് മഞ്ജുവിനെ പരിഗണിച്ചിരുന്നത്. മമ്മൂട്ടിയുടെ ഭാര്യയായാണ് ആ സിനിമയില്‍ ശോഭന അഭിനയിച്ചത്. ഈ കഥാപാത്രം ചെയ്തിരുന്നെങ്കില്‍ മഞ്ജുവിന് മമ്മൂട്ടിക്കൊപ്പം അഭിനയിക്കാന്‍ ഇത്ര വര്‍ഷം കാത്തിരിക്കേണ്ടി വരില്ലായിരുന്നു.