തന്റെ സിനിമകളിലെ നായകനെ പോലെയാണ് മണിരത്‌നം, ആദ്യം പ്രണയം പറഞ്ഞപ്പോള്‍ മുഖം തിരിച്ചെന്ന് സുഹാസിനി

അഭിറാം മനോഹർ
വെള്ളി, 19 ജനുവരി 2024 (20:49 IST)
ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും മികച്ചതും മനോഹരവുമായ പ്രണയ സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് മണിരത്‌നം. റോജയിലൂടെയും അപൂര്‍വ്വ രാഗത്തിലൂടെയും അലൈ പായുതെയിലൂടെയും ഒകെ കണ്മണിയിലൂടെയും വിവിധ കാലഘട്ടത്തിലുള്ള പ്രണയങ്ങള്‍ മനോഹരമായി തിരശ്ശീലയില്‍ അവതരിപ്പിക്കാന്‍ മണിരത്‌നത്തിനായിട്ടുണ്ട്. സിനിമയിലെ നായകന്മാരെ പോലെ തന്നെ സംവിധായകനായ മണിരത്‌നവും റൊമാന്‍സ് കൈമുതലായുള്ള വ്യക്തിയാണെന്നാണ് സംവിധായകന്റെ ഭാര്യയും നടിയുമായ സുഹാസിനി പറയുന്നത്.
 
സിനിമാ ലോകത്ത യുവസംവിധായകനെന്ന നിലയില്‍ ചുവടുറപ്പിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് മണിരത്‌നം സുഹാസിനിയുമായി അടുക്കുന്നത്.ആ സമയത്ത് സുഹാസിനി തെന്നിന്ത്യയില്‍ തിളങ്ങി നില്‍ക്കുന്ന നായികയാണ്. ഈ സമയത്ത് സംവിധായകനായ മണിരത്‌നമാണ് നായികയോട് തന്റെ ഇഷ്ടം വെളിപ്പെടുത്തുന്നത്. എന്നാല്‍ പാരമ്പര്യം പിന്തുടരുന്ന കുടുംബത്തില്‍ പെട്ടയാളാണ് താനെന്നും പ്രേമിച്ച് നടക്കാന്‍ സമയമില്ലെന്നുമായിരുന്നു സുഹാസിനിയുടെ മറുപടി. വിവാഹത്തില്‍ മാത്രമാണ് താന്‍ വിശ്വസിക്കുന്നതെന്നും സുഹാസിനി പറഞ്ഞു. എന്നാല്‍ ഈ വാക്ക് അതേപടി ഏറ്റെടുക്കുകയും വിവാഹം ചെയ്യാന്‍ തയ്യാറാണെന്നുമായിരുന്നു മണിരത്‌നത്തിന്റെ മറുപടി.
 
ഇതോടെ 1988ല്‍ ഇരുവരും വിവാഹിതരായി. വിവാഹശേഷമാണ് ഇരുവരുടെയും പ്രണയം ശരിക്കും ആരംഭിച്ചതെന്ന് സുഹാസിനിയും മണിരത്‌നവും പറയുന്നു. 1992ലാണ് ഇവര്‍ക്ക് ഒരു ആണ്‍കുട്ടി ജനിക്കുന്നത്. നന്ദന്‍ മണിരത്‌നമെന്നാണ് ആണ്‍കുട്ടിയുടെ പേര്.

അനുബന്ധ വാര്‍ത്തകള്‍

Next Article