ചെറിയൊരു ഇടവേളയ്ക്കു ശേഷം മെഗാസ്റ്റാര്‍ മമ്മൂട്ടി സിനിമാ ചിത്രീകരണ തിരക്കിലേക്ക്. മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം കൊച്ചിയില്‍ ആരംഭിച്ചു. മമ്മൂട്ടി കമ്പനിയാണ് ചിത്രം നിര്‍മിക്കുന്നത്. സിനിമയുടെ പേര് ഇതുവരെ പുറത്തുവിട്ടിട്ടില്ല.
ടര്‍ബോ റിലീസ് ചെയ്ത ശേഷം കുടുംബസമേതം ലണ്ടനില്‍ അവധിക്കാലം ആഘോഷിക്കുകയായിരുന്നു മമ്മൂട്ടി. ഒരു മാസത്തിലേറെയായി സിനിമ തിരക്കുകളില്‍ നിന്ന് വിട്ടുനിന്ന മമ്മൂട്ടി കേരളത്തില്‍ തിരിച്ചെത്തിയ ശേഷം ആദ്യം ജോയിന്‍ ചെയ്യുന്ന ചിത്രമാണ് ഇത്. ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്യുന്ന ആദ്യ മലയാള സിനിമ കൂടിയാണ് ഇത്. തെന്നിന്ത്യന്‍ സൂപ്പര്‍താരം നയന്‍താരയായിരിക്കും ഈ ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം നവാഗതനായ ഡീനോ ഡെന്നീസ് സംവിധാനം ചെയ്യുന്ന 'ബസൂക്ക'യാണ് മമ്മൂട്ടിയുടേതായി ഇനി തിയറ്ററുകളില്‍ എത്താനുള്ളത്. 'ബസൂക്ക'യില്‍ ഗൗതം മേനോനും ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചിട്ടുണ്ട്. ഈ സിനിമയുടെ സെറ്റില്‍ വെച്ചാണ് മമ്മൂട്ടി-ഗൗതം മേനോന്‍ സിനിമയുടെ ചര്‍ച്ചകള്‍ നടന്നത്.