70 വയസ്സിന് ശേഷമുള്ള മമ്മൂട്ടിയുടെ പുതിയ ഇന്നിങ്ങ്‌സിനായാണ് താന്‍ കാത്തിരിക്കുന്നതെന്ന നടന്‍ പൃഥ്വിരാജിന്റെ വാക്കുകള്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി ട്രെന്‍ഡിങ്ങാണ്. 2022 മുതല്‍ മമ്മൂട്ടിയുടേതായി പുറത്തിറങ്ങുന്ന സിനിമകളാണ് ഇതിന് കാരണം. ഒരേസമയം വാണിജ്യസിനിമകളും പ്രമേയം കൊണ്ട് വ്യത്യസ്തമായ ചിത്രങ്ങളും തുടര്‍ച്ചയായി സമ്മാനിക്കാന്‍ താരത്തിനാകുന്നു. അതിനാല്‍ തന്നെ 2024ല്‍ വരാനിരിക്കുന്ന മമ്മൂട്ടി ചിത്രങ്ങളുടെ മുകളില്‍ പ്രതീക്ഷകള്‍ അനവധിയാണ്. 2022ന്റെയും 2023ന്റെയും തുടര്‍ച്ച തന്നെ 2024ലും ആവര്‍ത്തിക്കാനാണ് താരത്തിന്റെ ശ്രമം.
ജയറാം മിഥുന്‍ മാനുവല്‍ ചിത്രമായ എബ്രഹാം ഓസ്ലറിലൂടെയാകും മമ്മൂട്ടി ആദ്യമായി 2024ല്‍ സ്‌ക്രീനിന് മുന്‍പിലെത്തുക. മമ്മൂട്ടി ചിത്രമല്ലെങ്കിലും പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്. തുടര്‍ന്ന് ഫെബ്രുവരിയില്‍ പുറത്തിറങ്ങുന്ന ഭ്രമയുഗമാകും മമ്മൂട്ടി സിനിമയെന്ന ലേബലില്‍ 2024ല്‍ പുറത്തിറങ്ങുന്ന ആദ്യ സിനിമ. ഫെബ്രുവരിയില്‍ സിനിമ റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. ഭ്രമയുഗത്തിന് ശേഷം ബസൂക്ക, വൈശാഖ് ചിത്രമായ ടര്‍ബോ എന്നീ സിനികളാണ് 2024ല്‍ താരത്തിന്റേതായി പുറത്തിറങ്ങാനുള്ളത്. ആവാസവ്യൂഹം സംവിധായകനായ കൃഷാന്ദ് ഒരുക്കുന്ന ചിത്രത്തിലും രഞ്ജന്‍ പ്രമോദ് ചിത്രത്തിലും 2024ല്‍ മമ്മൂട്ടി അഭിനയിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.