ഫെബ്രുവരിയിൽ ഒരു തീപ്പൊരി വീണു, 2024ൽ മലയാള സിനിമ നേടിയത് 750 കോടി!

അഭിറാം മനോഹർ
ചൊവ്വ, 16 ഏപ്രില്‍ 2024 (13:48 IST)
Malayalam Cinema
എല്ലാ കാലത്തും ക്വാളിറ്റിയിലും അഭിനേതാക്കളുടെ മികവ് കൊണ്ടും ഇന്ത്യയില്‍ തന്നെ മുന്നിട്ട് നില്‍ക്കുന്ന സിനിമ വ്യവസായമായിരുന്നുവെങ്കിലും മലയാള സിനിമ ഇന്ത്യയാകെ ചര്‍ച്ച ചെയ്യപ്പെടുന്നത് കൊവിഡിനെ തുടര്‍ന്നുണ്ടായ ഒടിടി കാലത്താണ്. കെജിഎഫിലൂടെ കന്നഡ സിനിമയും ബാഹുബലിയിലൂടെ തെലുങ്ക് സിനിമയും ഇന്ത്യയില്‍ വമ്പന്‍ വിജയങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ മലയാള സിനിമ ഒരു ശരിയായ തുടക്കത്തിനായി കാത്തുനില്‍ക്കുകയായിരുന്നു.
 
കെജിഎഫോ ബാഹുബലിയോ പോലെ ബ്രഹ്മാണ്ഡമായ സിനിമയിലൂടെയായിരുന്നില്ല ആ തീപ്പൊരി പക്ഷേ മലയാള സിനിമയില്‍ സംഭവിച്ചത്. 2024 ഫെബ്രുവരിയില്‍ ഇറങ്ങിയ ഒരുകൂട്ടം സിനിമകളുടെ വിജയമായിരുന്നു മലയാള സിനിമയില്‍ വിപ്ലവമുണ്ടാക്കിയത്. 2024ലെ മലയാളത്തിലെ ആദ്യ ഹിറ്റ് ഓസ്ലര്‍ ആയിരുന്നെങ്കിലും ഭ്രമയുഗം,പ്രേമലു,മഞ്ഞുമ്മല്‍ ബോയ്‌സ് എന്നീ സിനിമകള്‍ തുടര്‍ച്ചയായി വന്നതോടെയാണ് മലയാള സിനിമയിലെ തീപ്പൊരി കാട്ടുതീയായി കത്തിപ്പടര്‍ന്നത്.
 
ഭ്രമയുഗം ശരാശരി വിജയത്തിലേക്ക് ഒതുങ്ങിയപ്പോള്‍ മഞ്ഞുമ്മല്‍ ബോയ്‌സിനെ തമിഴ്‌നാട് ഏറ്റെടുത്തുകളഞ്ഞു. മലയാളത്തിലെ ആദ്യ 200 കോടി സിനിമയായി മാറിയ മഞ്ഞുമ്മല്‍ ബോയ്‌സ് തെന്നിന്ത്യയാകെ ഹിറ്റായി മാറി. പ്രേമലുവിനും ഇതേ സ്ഥിതിയാണുണ്ടായത്. പിന്നാലെ വന്ന ആടുജീവിതം, ആവേശം തുടങ്ങിയ സിനിമകള്‍ക്കും മികച്ച അഭിപ്രായമാണ് ഇന്ത്യയിലാകെ ലഭിക്കുന്നത്. ഈ ചിത്രങ്ങളെല്ലാം ചേര്‍ന്ന് ബോക്‌സോഫീസില്‍ നിന്നും ഇതുവരെ നേടിയത് 750 കോടിയോളം രൂപയാണ്. 2024 ഏപ്രില്‍ 14 വരെയുള്ള കണക്കുകളാണിത്. മലയാള സിനിമാ ചരിത്രത്തിലെ തന്നെ എക്കാലത്തെയും വലിയ കളക്ഷന്‍ ബൂം ആണിത്.
 
മലയാള സിനിമയുടെ കളക്ഷനിന്റെ 50 ശതമാനത്തിനടുത്ത് വിദേശത്ത് നിന്നും വരുന്നു എന്നതാണ് ഇതിലെ ഏറ്റവും ശ്രദ്ധേയമായ കാര്യം. മലയാളത്തിന്റെ വിഷു റിലീസുകളായെത്തിയ ആവേശം,വര്‍ഷങ്ങള്‍ക്ക് ശേഷം എന്നീ സിനിമകള്‍ കഴിഞ്ഞ 5 ദിവസത്തിനിടെ 77 കോടിയോളം രൂപയാണ് ബോക്‌സോഫീസില്‍ നിന്നും നേടിയത്. അജയന്റെ രണ്ടാം മോഷണം,നടികര്‍,ടര്‍ബോ,എമ്പുരാന്‍ തുടങ്ങി അനേകം ബ്രഹ്മാണ്ഡ സിനിമകളും 2024ല്‍ മലയാള സിനിമയില്‍ നിന്നും പ്രതീക്ഷിക്കുന്നതിനാല്‍ ഈ വര്‍ഷം മലയാള സിനിമ 1,500 കോടി കടന്നാലും അത്ഭുതപ്പെടാനില്ല.

അനുബന്ധ വാര്‍ത്തകള്‍

Next Article