MMMN Movie: 50 ദിവസം ഞങ്ങൾക്കൊപ്പം മമ്മൂക്ക ഉണ്ടായിരുന്നു, ഇനി യു.കെയിൽ; മഹേഷ് നാരായണൻ

നിഹാരിക കെ.എസ്

ബുധന്‍, 1 ഒക്‌ടോബര്‍ 2025 (12:58 IST)
മലയാള സിനിമ പ്രേമികളും പ്രേക്ഷകരും ഏറെ നാളുകളായി കാത്തിരിക്കുന്ന ചിത്രമാണ് പാട്രിയറ്റ്. മമ്മൂട്ടിയും മോഹൻലാലും വർഷങ്ങൾക്ക് ശേഷം ഒരുമിച്ചെത്തുന്ന സിനിമയാണിത്. സിനിമയുടെ ഹൈപ്പ് വാനോളമാണ്. സിനിമയുടെ സെറ്റിൽ വെച്ചായിരുന്നു മമ്മൂട്ടി അസുഖ ബാധിതനാകുന്നതും ബ്രേക്ക് എടുക്കുന്നതും. 
 
ഇപ്പോഴിതാ ഏഴു മാസത്തിന് ശേഷം നടൻ വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ്. വളരെ അധികം സന്തോഷമുണ്ടെന്ന് മഹേഷ് നാരായണൻ മാധ്യമങ്ങളോട് പ്രതികരിച്ചു. ഹൈദരാബാദിലെ ഷൂട്ടിങ് അഞ്ച് ദിവസം കൊണ്ട് കഴിയുമെന്നും അതിനു ശേഷം യു.കെയിലാകും ബാക്കി ഭാഗങ്ങൾ ചിത്രീകരിക്കുകയെന്നും അദ്ദേഹം പറയുന്നു.
 
'ഒരുപാട് സന്തോഷം, ഇനി അദ്ദേഹത്തിന്റെ വർക്കുകളിലാണ്. ഷൂട്ടിംഗ് തുടർന്ന് കൊണ്ടിരിക്കുകയാണ്. മമ്മൂക്ക ഞങ്ങളുടെ കൂടെ ഒരു 45 - 50 ദിവസത്തോളം ഉണ്ടായിരുന്നു. അതിന് ശേഷമാണ് അദ്ദേഹം കുറച്ച് ബ്രേക്ക് എടുത്തത്. ഹൈദരാബാദിൽ ഒരു ആറ് ദിവസം, അത് കഴിഞ്ഞാൽ യുകെയിലേക്ക് ഷിഫ്റ്റ് ചെയ്യും. ഹൈദരാബാദ് ലൊക്കേഷനിൽ കുഞ്ചാക്കോ ബോബൻ അടങ്ങുന്ന താരങ്ങൾ ഉണ്ട്,' മഹേഷ് നാരായണൻ പറഞ്ഞു.
 
പതിനൊന്ന് വർഷങ്ങൾക്കു ശേഷം മലയാളത്തിന്റെ സൂപ്പർ താരങ്ങളായ മമ്മൂട്ടിയെയും മോഹൻലാലിനെയും ഒരു ഫ്രെയിമിൽ കാണാൻ കൊതിച്ചിരിക്കുകയാണ് മലയാളികൾ. മഹേഷ് നാരായണൻ സിനിമ പാട്രിയറ്റ് വിഷുവിന് തിയേറ്ററുകളിലേക്ക് എത്തുമെന്നും അണിയറപ്രവർത്തകർ അറിയിച്ചു. ഹൈദരാബാദ് ഷെഡ്യൂളിന് ശേഷം യുകെയിലും ഷൂട്ടിങ് ഉണ്ടാകുമെന്നും അറിയിച്ചു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍