അപ്രതീക്ഷിതമായി വന്ന ഇടവേളയെ മനസ്സാന്നിധ്യം കൊണ്ട് അതിജീവിച്ചു, മമ്മൂക്ക തിരിച്ചെത്തുന്നു, ഡബിൾ സ്ട്രോങ്ങായി
ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് സിനിമയില്‍ നിന്നും താത്കാലിക ഇടവേളയെടുത്തിരുന്ന മലയാളത്തിന്റെ മെഗാസ്റ്റാര്‍ വീണ്ടും സിനിമാ തിരക്കുകളിലേക്ക് കടക്കുന്നതായുള്ള വാര്‍ത്ത സ്ഥിരീകരിച്ച് നിര്‍മാതാവ് ആന്റോ ജോസഫ്. താന്‍ നിര്‍മിച്ച് മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന സിനിമയിലൂടെ മമ്മൂട്ടി വീണ്ടും സിനിമയില്‍ സജീവമാകുകയാണെന്നാണ് തന്റെ സോഷ്യല്‍ മീഡിയയിലൂടെ ആന്റോ ജോസഫ് അറിയിച്ചത്. ഒക്ടോബര്‍ ഒന്നിന് ഹൈദരാബാദിലാകും മമ്മൂട്ടിയുടെ രംഗങ്ങള്‍ ചിത്രീകരിക്കുക.
പ്രിയപ്പെട്ട മമ്മൂക്ക വരുന്നു.മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തുടര്‍ന്ന് അഭിനയിക്കുവാന്‍ ഒക്ടോബര്‍ ഒന്നുമുതല്‍. ചെറിയൊരു ഇടവേളയായിരുന്നു ഇത്രയും കാലം എന്നുമാത്രമേ കരുതുന്നുള്ളൂ.അപ്രതീക്ഷിതമായി വന്ന ആ ഇടവേള ലോകമെങ്ങുമുള്ളവരുടെ പ്രാര്‍ത്ഥനകളുടെയും മനസ്സാന്നിധ്യത്തിന്റെയും ബലത്തില്‍ അതിജീവിച്ചു. മമ്മുക്ക ഹൈദ്രാബാദ് ഷെഡ്യൂളില്‍ ജോയിന്‍ ചെയ്യും.പ്രാര്‍ത്ഥനകളില്‍ കൂട്ടുവന്നവര്‍ക്കും, ഉലഞ്ഞപ്പോള്‍ തുണയായവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദിയും സ്‌നേഹവും. ആന്റോ ജോസഫ് തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ഓഗസ്റ്റ് 19നാണ് മമ്മൂട്ടി പൂര്‍ണ ആരോഗ്യം വീണ്ടെടുത്തതായ വാര്‍ത്ത എത്തിയത്. ഈ വാര്‍ത്തയെ ഏറെ സന്തോഷപൂര്‍വമാണ് മലയാള സിനിമാരംഗം ഏറ്റെടുത്തത്. മോഹന്‍ലാല്‍ ഉള്‍പ്പടെ സഹപ്രവര്‍ത്തകരെല്ലാം തന്നെ മമ്മൂട്ടിയുടെ തിരിച്ചുവരവില്‍ ആശംസകള്‍ അറിയിച്ചിരുന്നു. അന്ന് മുതല്‍ മമ്മൂട്ടിയുടെ തിരിച്ചുവരവിനായുള്ള കാത്തിരിപ്പിലാണ് സിനിമാപ്രേമികള്‍. 17 വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്ന പാട്രിയോട്ട് എന്ന മഹേഷ് നാരായണന്‍ സിനിമയിലൂടെയാണ് മമ്മൂട്ടി വീണ്ടും സിനിമയില്‍ സജീവമാകുന്നത്. ഈ സിനിമയുടെ ഷൂട്ടിനിടെയാണ് താരം ചികിത്സയ്ക്കായി ഇടവേളയെടുത്തത്.