'മന്ത്രവാദി നൽകിയ മനുഷ്യമാംസം ജന്മിയെ കൊണ്ട് കഴിപ്പിച്ചു, ലക്ഷ്യം പണം'; വെളിപ്പെടുത്തി മഹേഷ് ഭട്ട്

നിഹാരിക കെ.എസ്

ശനി, 4 ഒക്‌ടോബര്‍ 2025 (09:23 IST)
ബോളിവുഡിലെ ഐക്കോണിക് സംവിധായകരിൽ ഒരാളാണ് മഹേഷ് ഭട്ട്. ആഷിഖ്വി, സഡക്ക്, ദിൽ ഹേ മാംഗ്താ നഹി തുടങ്ങി നിരവധി സിനിമകളൊരുക്കിയ സംവിധായകൻ. നടി ആലിയ ഭട്ടിന്റെ പിതാവുമാണ് മഹേഷ് ഭട്ട്. തന്റെ വ്യക്തി ജീവിതത്തിന്റെ പേരിലും തുറന്നടിച്ചുള്ള പ്രതികരണങ്ങളുടെ പേരിലുമെല്ലാം മഹേഷ് ഭട്ട് വാർത്തകളിൽ ഇടം നേടാറുണ്ട്.
 
കഴിഞ്ഞ ദിവസം തന്റെ തുടക്കകാലത്തെക്കുറിച്ച് മഹേഷ് ഭട്ട് പറഞ്ഞ വാക്കുകൾ ചർച്ചയാവുകയാണ്. മകളും നടിയുമായ പൂജ ഭട്ടിന്റെ പോഡ്കാസ്റ്റിൽ സംസാരിക്കവെ മഹേഷ് ഭട്ട് നടത്തിയ വെളിപ്പെടുത്തലുകളാണ് വാർത്തയായി മാറുന്നത്. കരിയറിന്റെ തുടക്കകാലത്ത് തുടർച്ചയായി പ്രതിസന്ധികൾ നേരിടേണ്ടി വന്നിരുന്നു മഹേഷ് ഭട്ടിന്. 
 
തുടക്കകാലത്ത് താൻ ചെയ്ത അസാധാരണമായ ചില കാര്യങ്ങളാണ് അദ്ദേഹം വെളിപ്പെടുത്തുന്നത്. മഹേഷ് ഭട്ടിനെപ്പോലെ തന്നെ പ്രതിസന്ധി നേരിട്ടിരുന്ന ഫിലിംമേക്കറായിരുന്നു അരുൺ ദേശായി. ഒരിക്കലും ഇരുവരും ചേർന്ന് ബിഹാറിലെ ഗയയിലുള്ളൊരു ഫിനാൻസിയറെ കാണാൻ തീരുമാനിച്ചു. പോകുന്ന വഴി വരാണസിയിലെ തന്റെ ആത്മീയ ഗുരുവിനെ കാണണമെന്ന് അരുൺ ദേശായി പറഞ്ഞു.
 
'ഗുരുജിയെ കാണാനായി വളരെ പാവപ്പെട്ട മനുഷ്യരുടെ നീണ്ടൊരു ക്യു ഉണ്ടായിരുന്നു. അദ്ദേഹം ഒരു മന്ത്രവാദിയായിരുന്നു. ചെറുപ്പമായിരുന്നു. ഒരു കയ്യിൽ റമ്മും പിടിച്ച് അയാൾ നൃത്തം ചെയ്യുകയായിരുന്നു'' മഹേഷ് ഭട്ട് പറയുന്നു. 
 
അതേസമയം തങ്ങളെ കണ്ട ഉടനെ തന്നെ താൻ അദ്ദേഹത്തിന്റെ രീതികളിലൊന്നും വിശ്വസിക്കുന്ന ആളല്ലെന്ന് അയാൾക്ക് മനസിലായെന്നും മഹേഷ് ഭട്ട് പറയുന്നുണ്ട്. അടുത്ത ദിവസം വന്ന് കണ്ടാൽ പ്രശ്‌നപരിഹാരം അറിയിക്കാമെന്നും ഗുരുജി പറഞ്ഞു.
 
''അടുത്ത ദിവസം ചെന്നപ്പോൾ അദ്ദേഹം അദ്ദേഹം ഒരു പൊതി എടുത്തു തന്നു. ഇത് മനുഷ്യമാംസമാണ്. ഘാട്ടിൽ നിന്നുമെടുത്തതാണ്. അത് നിങ്ങളുടെ നിക്ഷേപകനെക്കൊണ്ട് കഴിപ്പിക്കുക. എങ്കിൽ അയാൾ പണം നൽകും എന്ന് പറഞ്ഞു.'' മഹേഷ് ഭട്ട് പറയുന്നു. 
 
അങ്ങനെ മഹേഷ് ഭട്ടും സുഹൃത്തും ഫിനാൻസിയറെ തേടി ഗയയിലെത്തി. ''ഗയയുടെ പ്രാന്ത പ്രദേശത്ത് എവിടെയോ ആയി ഒരു ജന്മിയുണ്ടായിരുന്നു. കൊതുക് വലയ്ക്കുള്ളിലാണ് അയാളിരുന്നത്. ചുറ്റും തോക്കും പിടിച്ച് നിൽക്കുന്ന അംഗരക്ഷകർ.'' അയാളെക്കൊണ്ട് എന്നെ മാംസം കഴിപ്പിക്കുമെന്ന് ഇരുവരും ചിന്തിച്ചു. അപ്പോഴാണ് പാൻ കൊടുത്ത് കഴിപ്പിക്കാമെന്ന് അവർക്ക് തോന്നുന്നത്. അങ്ങനെ പാൻ വാങ്ങി അതിൽ മാംസം വച്ച് അയാൾക്ക് നൽകി.
 
''അയാൾ പതിയെ പാൻ തന്റെ മുഖത്തിന് അടുത്തേക്ക് കൊണ്ടു വന്നു. പതിയെ ചവയ്ക്കാൻ തുടങ്ങി. ലോട്ടറി അടിച്ചെന്ന് ഞങ്ങൾക്ക് തോന്നി'' മഹേഷ് ഭട്ട് പറയുന്നത്. പണം കിട്ടുമെന്ന് ഉറപ്പിച്ചാണ് മഹേഷ് ഭട്ടും അരുൺ ദേശായിയും അവിടെ നിന്നും അന്ന് മടങ്ങിയത്. എന്നാൽ ഒരു മാസം കഴിഞ്ഞിട്ടും പണം വന്നില്ലെന്നാണ് മഹേഷ് ഭട്ട് പറയുന്നത്. പതിയെ ഇരുവരുടേയും പ്രതീക്ഷ അവസാനിക്കുകയും യഥാർത്ഥ്യത്തിലേക്ക് തിരികെ വരികയും ചെയ്തു.
 
മഹേഷ് ഭട്ടിന്റെ വെളിപ്പെടുത്തൽ സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറുകയാണ്. ബോളിവുഡിനെ തന്നെ സംശയത്തിന്റെ നിഴലിലാക്കുന്നതാണ് മഹേഷ് ഭട്ടിന്റെ വെളിപ്പെടുത്തലെന്ന് ചിലർ പറയുന്നു. ദുർമന്ത്രവാദത്തെ ആശ്രയിക്കുന്നവരാണോ ബോളിവുഡിലുള്ളതെന്ന് സോഷ്യൽ മീഡിയ ചോദിക്കുന്നു. തന്റെ മകൾ ആലിയ നേടിയെടുത്ത നേട്ടങ്ങളെയെല്ലാം ഇല്ലാതാക്കുന്നതാണ് മഹേഷ് ഭട്ടിന്റെ വെളിപ്പെടുത്തലെന്നും സോഷ്യൽ മീഡിയ പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍