Lokesh Kanakaraj: 'ഞാൻ ഇന്നിവിടെ നിൽക്കാൻ കാരണം ആ നടൻ': ലോകേഷ് കനകരാജ്

നിഹാരിക കെ.എസ്

ബുധന്‍, 6 ഓഗസ്റ്റ് 2025 (16:56 IST)
തന്റെ പുതിയ ചിത്രം കൂലിയുടെ പ്രൊമോഷൻ തിരക്കുകളിലാണിപ്പോൾ സംവിധായകൻ ലോകേഷ് കനകരാജ്. മാനഗരം എന്ന തന്റെ ആദ്യസിനിമയിലൂടെ തന്നെ തമിഴ് സിനിമയിൽ തന്റെ കയ്യൊപ്പ് പതിപ്പിക്കാൻ കഴിഞ്ഞ സംവിധായകനാണ് ലോകേഷ്. പിന്നീട് റിലീസ് ആയ കൈതിയാണ് ലോകേഷിന്റെ കരിയർ മാറ്റി മറിച്ച സിനിമ. 
 
കൂലിയുടെ പ്രൊമോഷനിടെ കൈതി 2വിനേക്കുറിച്ചും കാർത്തിയെക്കുറിച്ചും ലോകേഷ് ഒരഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണിപ്പോൾ വൈറലായി മാറുന്നത്. കാർത്തിയുടെ പ്രതിബദ്ധത, വിനയം, വിശ്വാസം എന്നിവയാണ് കഥ പറയാനുള്ള ശൈലി പിന്തുടരാൻ തനിക്ക് ആത്മവിശ്വാസം നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
 
"കാർത്തി സാർ എനിക്ക് ഒരു ബ്രേക്ക് തന്നു. ഇന്ന് ഞാൻ ഇവിടെ നിൽക്കുന്നുണ്ടെങ്കിൽ അതിന് കാരണം അദ്ദേഹമാണ്. മറ്റാരും എന്നെ വിശ്വസിക്കാതിരുന്നപ്പോൾ അ​​ദ്ദേഹം എന്നെ വിശ്വസിച്ചു. കൈതി എന്റെ ജീവിതം മാറ്റിമറിച്ചു."- ലോകേഷ് പറഞ്ഞു. 
 
"കാർത്തി ഒരിക്കലും ഒരു പുതുമുഖത്തെപ്പോലെ എന്നോട് പെരുമാറിയിട്ടില്ല. എനിക്ക് അദ്ദേഹം ഒരു വലിയ താരമാണ്. കൈതിയുടെ കാര്യത്തിൽ അദ്ദേഹം എനിക്ക് പൂർണ സ്വാതന്ത്ര്യം നൽകി. ആ വിശ്വാസം ആണ് ഇപ്പോഴും എന്റെ ബലം," ലോകേഷ് വ്യക്തമാക്കി.
 
എൽസിയുവിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായിരിക്കും കൈതി എന്നാണ് ലോകേഷ് മുൻപ് മറ്റൊരു അഭിമുഖത്തിൽ പറഞ്ഞത്. ഈ വർഷം അവസാനത്തോടെ ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങി അടുത്ത വർഷം റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍