Empuraan Movie IMAX: ഇത് ചരിത്രം, ത്രില്ലടിപ്പിച്ച് 'എമ്പുരാൻ' അപ്ഡേറ്റ്; പൃഥ്വിരാജ് രണ്ടും കൽപ്പിച്ച് തന്നെ!

നിഹാരിക കെ.എസ്

ബുധന്‍, 19 മാര്‍ച്ച് 2025 (09:35 IST)
പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് എമ്പുരാൻ. പൃഥ്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി പുറത്തിറങ്ങിയ ലൂസിഫറിന്റെ രണ്ടാം ഭാഗമാണിത്. ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റ് ആരാധകരെ ത്രില്ലടിപ്പിച്ചിരിക്കുകയാണ്. ചിത്രം ഐമാക്സിൽ റിലീസ് ചെയ്യുന്ന വിവരമാണ് പൃഥ്വിരാജ് സോഷ്യൽ മീഡിയയിലുടെ പങ്കുവച്ചത്. റിലീസ് ദിവസം അടുക്കുംതോറും വീണ്ടും ഞെട്ടിക്കുകയാണ് പൃഥിരാജ്.
 
പൃഥ്വിരാജിന്റെ പ്രഖ്യാപനത്തോടെ മലയാളത്തിലെ ആദ്യ ഐ മാക്സ് സിനിമയായി മാറിയിരിക്കുകയാണ് എമ്പുരാൻ. ഐമാക്സും മലയാള സിനിമയും തമ്മിലുള്ള ദീർഘവും മഹത്തരവുമായ ഒരു ബന്ധത്തിന്റെ തുടക്കമായി ഇത് മാറട്ടെ എന്ന് പൃഥ്വിരാജ് പറഞ്ഞു. മാർച്ച് 27 നാണ് എമ്പുരാൻ റീലീസ് ചെയ്യുന്നത്. 27ന് പുലർച്ചെ ആറിന് ഫാൻസ്‌ ഷോ ഉണ്ടായിരിക്കുന്നതാണ്.
 
സിനിമയുടെ വിതരണ കാര്യത്തിലും നിർമാതാക്കൾ വിട്ടുവീഴ്ച ചെയ്തിട്ടില്ല. വമ്പൻമാരുമായിട്ടാണ് സംഘം കെെകോർക്കുന്നത്. അനിൽ തടാനി നേതൃത്വം നൽകുന്ന എ എ ഫിലിംസ് ആണ് ചിത്രം നോർത്ത് ഇന്ത്യയിൽ എത്തിക്കുന്നത്.  സിനിമാ നിർമ്മാണത്തിലെ അതികായമാരായ ഹോംബാലേ ഫിലിംസ് ആണ് എമ്പുരാൻ്റെ കര്‍ണാടക ഡിസ്ട്രിബ്യൂഷന്‍ ഏറ്റെടുത്തിരിക്കുന്നത്. ദിൽ രാജുവിൻ്റെ ഉടമസ്ഥതയിലുള്ള ശ്രീ വെങ്കടേശ്വര ക്രിയേഷൻസ് ചിത്രം ആന്ധ്രാ/തെലുങ്കാന സംസ്ഥാനങ്ങളിൽ വിതരണം ചെയ്യും.  
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍