ആഷിക് ഉസ്മാന്റെ പ്രൊഡക്ഷനിൽ പുറത്തിറങ്ങാനിരിക്കുന്ന സിനിമകളിൽ ഒന്നാണ് മോഹൻലാൽ ചിത്രമായ L 365. വിജയ് സൂപ്പർ പൗർണമി, തല്ലുമാല തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ, അഞ്ചാംപാതിര സിനിമയുടെ ചീഫ് അസ്സോസിയേറ്റ് ഡയറക്ടറുമായ ഓസ്റ്റിൻ തോമസാണ് സിനിമ സംവിധാനം ചെയ്യുന്നത്. L 365 എന്ന് താത്കാലികമായി പേര് നൽകിയിരിക്കുന്ന സിനിമയുടെ രചന നിർവഹിക്കുന്നത് രതീഷ് രവിയാണ്.
മോഹൻലാൽ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ തുടങ്ങിയതായി ആഷിക് പറയുന്നു. ഈ വർഷം തന്നെ സിനിമയുടെ ഷൂട്ടിങ് തുടങ്ങും. അതൊരു വെക്കേഷൻ സമയത്ത് ഫാമിലി ഒക്കെ ആയി ആളുകൾ തിയേറ്ററിലേക്ക് ഇറങ്ങുമ്പോൾ റിലീസ് ചെയ്യേണ്ട സിനിമയാണ് എന്ന് പറഞ്ഞ് ആഷിക് എപ്പോഴാകും സിനിമ റിലീസ് ചെയ്യാൻ ഉദ്ദേശിക്കുന്നതെന്നും വെളിപ്പെടുത്തി. അടുത്ത വർഷം വിഷുവിനായിരിക്കും സിനിമ തിയേറ്ററിൽ എത്താൻ പോകുന്നത്.
'ഒരു വലിയ സിനിമ തന്നെയാണ് L 365. ലാലേട്ടൻ കുറച്ച് നാളുകൾക്ക് ശേഷം ഒരു പൊലീസ് ഓഫീസർ ആയി അഭിനയിക്കുന്ന സിനിമയാണ് ഇത്. ഒരു പ്രോപ്പർ കൊമേർഷ്യൽ ഫോർമാറ്റിൽ ഉള്ള ഒരു കംപ്ലീറ്റ് ലാലേട്ടൻ പടമായിരിക്കും L 365. ജേക്സ് ബിജോയ് ആണ് സിനിമയ്ക്കായി മ്യൂസിക് ഒരുക്കുന്നത്. ഈ സിനിമയിൽ എല്ലാമുണ്ട്. ലാൽ സാർ ഏറെ നാളുകൾക്ക് ശേഷം ഒരു പൊലീസ് കഥാപാത്രം ചെയ്യുന്നു. അതിൽ ഹ്യൂമറുണ്ട്, ത്രില്ലറാണോ എന്ന് ചോദിച്ചാൽ അങ്ങനെയും പറയാം', നിർമാതാവ് പറയുന്നു.