മനു അങ്കിളിലെ ലോതർ ഇനി സൗദി വെ‌ള്ളക്കയിലെ മജിസ്‌ട്രേറ്റ്: ആ കാസ്റ്റിംഗ്‌ കഥ ഇങ്ങനെ

തിങ്കള്‍, 2 മെയ് 2022 (20:25 IST)
ഡെന്നീസ് ജോസഫ് സംവിധാനം ചെയ്‌ത മനു അങ്കിൾ എന്ന സിനിമ മലയാളി സിനിമാപ്രേമികളുടെ പ്രിയപ്പെട്ട ചിത്രമാണ്. ചിത്രത്തിൽ മമ്മൂട്ടിയോടൊപ്പമുണ്ടായിരുന്ന കുട്ടിപ്പട്ടാളത്തിലെ ലോതറിനെ സിനിമ കണ്ടവർ ഒന്നും മറന്നിരിക്കാൻ ഇടയില്ല. ലോതറിനെ അവതരിപ്പിച്ച കുര്യൻ ചാക്കോയെ പിന്നീട് അധികം സിനിമകളിൽ കണ്ടിട്ടില്ല. എന്നാൽ സൗദി വെള്ളക്കയിൽ ഒരു രസികൻ കഥാപാത്രമായി മലയാളികൾക്ക് മുന്നിലെത്തുകയാണ് കുര്യൻ ചാക്കോ.
 
തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന സൗദി വെള്ളക്കയിലൂടെയാണ് കുര്യൻ ചാക്കോ തിരിച്ചെത്തുന്നത്. ഇപ്പോഴിതാ സൗദി വെള്ളക്കയിലെ സരസനായ മജിസ്ട്രേറ്റിനെ അവതരിപ്പിക്കാനുള്ള നടനെ കണ്ടെത്താനുള്ള യാത്രയുടെ കഥ വെളിപ്പെടുത്തിയിരിക്കുകയാണ് സിനിമയുടെ അണിയറപ്രവർത്തകർ. ഫെയ്‌സ്‌ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാാര്യം ഇവർ അറിയിച്ചത്. ഒരുപാട് നിർബന്ധിച്ചശേഷമാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കാൻ കുര്യൻ ചാക്കോ സമ്മതിച്ചതെന്നും എന്നാൽ സ്വാഭാവിക അഭിനയത്തിലൂടെ അദ്ദേഹം ഏവരുടെയും കയ്യടി വാങ്ങി‌യെന്നും കുറിപ്പിൽ പറയുന്നു.
 
ഫേസ്‌ബുക്ക് കുറിപ്പ് വായിക്കാം
 
സൗദി വെള്ളക്കയുടെ കാസ്റ്റിംഗ് നടക്കുന്ന സമയം, ചിത്രത്തിലെ രസികനായ മജിസ്ട്രേറ്റിന്റെ കഥാപാത്രം അവതരിപ്പിയ്ക്കേണ്ട ആളിനു വേണ്ടി ടീം ഒന്നടങ്കം അന്വേഷണം നടത്തുകയാണ്, പക്ഷെ കിട്ടിയ ഓപ്ഷനുകളിൽ ഒന്നിലും തരുണും ടീമും തൃപ്തരായില്ല.
 
ആവനാഴികളിലെ അസ്ത്രങ്ങൾ ഓരോന്നായി കാസ്റ്റിംഗ് ഡയറക്ടർ അബു വളയംകുളം പുറത്തെടുത്തെങ്കിലും തരുൺ ഒന്നിലും തൃപ്തനായിരുന്നില്ല.
ആ സമയത്ത് വളരെ അവിചാരിതമായാണ് ഒരു യൂട്യൂബ് വീഡിയോ തരുൺ കാണാൻ ഇടയായത്.
 
ആ വീഡിയോയിൽ കണ്ട ആളുടെ മാനറിസങ്ങളും , ഇരുത്തവും ചലനങ്ങളും എല്ലാം തന്റെ കഥാപാത്രത്തിന് അനുയോജ്യമാണെന്ന് മനസ്സിലാക്കിയ  ടീം അയാളെ പറ്റി അന്വേഷിച്ചു. അപ്പോഴാണ് ആ വീഡിയോയിൽ കണ്ട ആൾ 'മനു അങ്കിൾ '  എന്ന സിനിമയിൽ ലോതർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച കുര്യൻ ചാക്കോ എന്നയാളാണെന്ന് മനസ്സിലായത്,
 
മനു അങ്കിൾ റിലീസായി വർഷങ്ങൾക്കു ശേഷം അയാളെ വീണ്ടും ക്യാമറയ്ക്കു മുന്നിലെത്തിക്കാനുള്ള അവസരം പാഴാക്കാൻ സംവിധായകൻ തയ്യാറല്ലായിരുന്നു. ഇതിലും നല്ല ഒരു സാധ്യത നമുക്ക് മുന്നിൽ ഇല്ല എന്ന് മനസിലാക്കിയ തരുൺ, നിർമ്മാതാവ് സന്ദിപ് സേനന് മജിസ്‌ട്രേറ്റിനെ കിട്ടിയെന്ന് പറഞ്ഞ് ഫോണിൽ മെസ്സേജ് അയച്ചു 
 
ആദ്യ കാഴ്ചയിൽ തന്നെ ആവേശഭരിതനായ നിർമ്മാതാവിനും കുര്യൻ ചാക്കോ എന്ന ലോതറിനെ സൗദി വെള്ളക്കയുടെ ഭാഗമാക്കാൻ തിടുക്കമായി.
 
പക്ഷേ കുര്യൻ ചാക്കോയുടെ കോൺടാക്ട് നമ്പറോ മറ്റു വിവരങ്ങളോ ലഭ്യമല്ലാതെ ഇരുന്നത് കഥാപാത്രത്തെ തേടിയുള്ള യാത്രയ്ക്ക് തടസ്സമായി വന്നു, ഒടുവിൽ ആ ഇന്റർവ്യൂ പ്രസിദ്ധീകരിച്ച ചാനലിനെ ബന്ധപ്പെടുകയും അതുവഴി ഒരു ദിവസം കുര്യൻ ചാക്കോയുടെ ഓഫീസിലേക്ക് രണ്ടും കല്പിച്ചു കയറി ചെല്ലുകയായിരുന്നു.
 
കാര്യങ്ങൾ പറഞ്ഞു കഴിഞ്ഞപ്പോഴുള്ള കുര്യൻ ചാക്കോയുടെ മറുപടി.
"അയ്യോാ.. ഞാൻ ഇല്ല...
അതൊക്കെ അന്ന് ഡെന്നിസ് സർ പറഞ്ഞത് പോലെ ചെയ്തത് ആണ്... അതിൽ നിന്നൊക്കെ സിനിമ ഒരുപാട് മാറി...
നിങ്ങൾ വേറെ അളിനെ നോക്കു എന്നാണ്.."
 
തരുൺ പിടിച്ച പിടിയാലേ സിനിമ യുടെ കഥ പറഞ്ഞു...
കഥ കേട്ടതോടെ തനിക്കും ഇതിന്റെ ഭാഗമാകണം എന്ന് തോന്നിയ അദ്ദേഹം പതിയെ മനസ് മാറ്റുകയായിരുന്നു.
 
തരുണുമായുള്ള കൂടിക്കാഴ്ച്ചക്കൊടുവിൽ സൗദി വെള്ളക്കയിലെ രസികനായ മജിസ്ട്രേറ്റ് ആവാമെന്ന് സമ്മതം മൂളുമ്പോൾ കുര്യൻ ചാക്കോ പറഞ്ഞു നിർത്തിയത് വീണ്ടും ക്യാമറയ്ക്കു മുന്നിൽ വരുമ്പോഴുള്ള പേടിയും, ആകാംഷയും ഒപ്പം അവതരിപ്പിയ്ക്കാൻ പോകുന്ന കഥാപാത്രത്തെക്കുറിച്ചുള്ള കൗതുകവും ആണ്.
 
പക്ഷേ കൃത്യമായ തയ്യാറെടുപ്പോടു കൂടി ലൊക്കേഷനിലെത്തിയ അദ്ദേഹം വളരെ അനായാസമായി ആ കഥാപാത്രത്തെ അവതരിപ്പിക്കുകയും അതുവഴി എല്ലാവരുടേയും കൈയ്യടി സ്വന്തമാക്കുകയും ചെയ്താണ് അവിടെ നിന്നും പോയത്, സൗദി വെള്ളക്കയുടെ ടീസറിൽ കുര്യൻ ചാക്കോയെ കണ്ട് പഴയ ലോതറിനെ തിരക്കിയുള്ള ആളുകളുടെ സ്നേഹം വീണ്ടുമെത്തുമ്പോൾ വെള്ളക്ക ടീമിനുറപ്പാണ് മലയാള സിനിമയിൽ ഇനിയും കുര്യൻ ചാക്കോ ഉണ്ടാവും അദ്ദേഹത്തെ കാത്തിരിക്കുന്ന കൈയ്യടികൾ ഏറ്റു വാങ്ങുന്നതിനായി

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍