അപ്പന്റെ മരണവാര്‍ത്ത പത്രത്തില്‍ കൊടുക്കാന്‍ കാശില്ല; മലയാളത്തിലെ ഒരു പ്രമുഖ നടന്റെ മുന്നില്‍ ചാക്കോച്ചന്‍ കൈ നീട്ടി, പണം കിട്ടിയില്ല ! വര്‍ഷങ്ങള്‍ക്ക് ശേഷം ആ നടന്‍ ചാക്കോച്ചന് മുന്നില്‍ കടം ചോദിച്ചെത്തി
മലയാളത്തില്‍ ഏറെ ആരാധകരുള്ള ചോക്ലേറ്റ് ഹീറോയാണ് കുഞ്ചാക്കോ ബോബന്‍. അനിയത്തിപ്രാവിലൂടെ മലയാള സിനിമയില്‍ അരങ്ങേറിയ ചാക്കോച്ചന്‍ രണ്ടാം വരവില്‍ വളരെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് തന്നിലെ നടനെ രാകിമിനുക്കി. ചാക്കോച്ചന്റെ ജന്മദിനമാണ് ഇന്ന്. സിനിമ രംഗത്തുനിന്നുള്ള സുഹൃത്തുക്കളെല്ലാം ചാക്കോച്ചന് ജന്മദിനാശംസകള്‍ നേര്‍ന്നിട്ടുണ്ട്.
സിനിമയില്‍ അത്ര സജീവമല്ലാത്ത സമയത്ത് താന്‍ സാമ്പത്തികമായി ഏറെ ഞെരുക്കത്തില്‍ ആയിരുന്നെന്ന് ചാക്കോച്ചന്‍ പലതവണ തുറന്നുപറഞ്ഞിട്ടുണ്ട്. അപ്പന്‍ മരിക്കുന്ന സമയത്ത് താന്‍ അനുഭവിച്ച ബുദ്ധിമുട്ടുകളെ കുറിച്ച് ചാക്കോച്ചന്‍ വിവരിക്കുന്ന പഴയൊരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.
താന്‍ അപ്പനെ പോലെ വളരെ സോഫ്റ്റ് ഹാര്‍ട്ടഡ് ആയ ഒരാള്‍ ആണെന്ന് ചാക്കോച്ചന്‍ പറയുന്നു. ബിസിനസുകാരന്‍ എന്നതിലുപരി സൗഹൃദങ്ങള്‍ക്ക് ഒരുപാട് പ്രാധാന്യം നല്‍കുന്ന ആളായിരുന്നു തന്റെ അപ്പനെന്ന് ചാക്കോച്ചന്‍ പറഞ്ഞു.
'അമ്മയുടെ സ്വര്‍ണം എടുത്തു കൂട്ടുകാരനെ സഹായിക്കാന്‍ പോയ അപ്പനെ ഞാന്‍ കണ്ടിട്ടുണ്ട്. കാശ് തരാതെ പോയ സുഹൃത്തുമായി വഴക്ക് ഉണ്ടാക്കാനോ കാശ് തിരിച്ചു മേടിക്കാനോ അപ്പന്‍ പോയിട്ടില്ല. അപ്പന്‍ മരിച്ച സമയത്ത് സാമ്പത്തികമായി പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. അപ്പന്റെ മരണവാര്‍ത്ത പത്രത്തില്‍ കൊടുക്കാന്‍ പോലും കൈയില്‍ കാശില്ലായിരുന്നു. അന്ന് ഞാന്‍ മലയാളത്തിലെ ഒരു പ്രമുഖ നടനോട് കുറച്ചു പണം കടം ചോദിച്ചു. പക്ഷേ, അയാള്‍ തന്നില്ല. എന്നാല്‍, പില്‍ക്കാലത്ത് അയാള്‍ എന്നോടു കടം ചോദിക്കുകയും ഞാന്‍ കൊടുക്കുകയും ചെയ്തിട്ടുണ്ട്. പ്രതികാരം ചെയ്യാന്‍ വേദനിപ്പിക്കേണ്ട കാര്യമില്ലെന്ന് അപ്പന്‍ ആണ് എന്നെ പഠിപ്പിച്ചത്,' ചാക്കോച്ചന്‍ പറഞ്ഞു.