ആരെയും എന്തും പറയാമെന്ന വെല്ലുവിളി ശരിയല്ല, ആന്റണിയോട് ഇടഞ്ഞ് ഫിലിം ചേംബര്‍, എഫ് ബി പോസ്റ്റ് പിന്‍വലിക്കാന്‍ നിര്‍ദേശം
ഫെയ്‌സ്ബുക്കില്‍ നിര്‍മാതാക്കളുടെ സംഘടനയ്‌ക്കെതിരെ നടത്തിയ പരാമര്‍ശങ്ങളില്‍ സിനിമ നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിന് നോട്ടീസ് നല്‍കാനൊരുങ്ങി കേരള ഫിലിം ചേംബര്‍. പ്രസ്താവന ശരിയായില്ലെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റ് ആന്റണി പിന്‍വലിക്കണമെന്നുമാണ് ചേംബറിന്റെ ആവശ്യം. ആന്റണി നോട്ടീസിന് മറുപടി നല്‍കുന്നതിന് അനുസരിച്ചാകും തുടര്‍നടപടികളെന്നും ചേംബര്‍ വ്യക്തമാക്കി. ആന്റണി 7 ദിവസത്തിനകം പോസ്റ്റ് പിന്‍വലിക്കണമെന്നും ആരെയും എന്തും പറയാമെന്ന വെല്ലുവിളി ശരിയല്ലെന്നും അതുകൊണ്ടാണ് കാരണം കാണിക്കല്‍ നോട്ടീസെന്നും ഫിലിം ചേംബര്‍ പറഞ്ഞു.
നിര്‍മാതാവ് ജി സുരേഷ്‌കുമാര്‍ പറഞ്ഞത് യോഗത്തിന്റെ കൂട്ടായ തീരുമാനമാണ്. സിനിമ വ്യവസായത്തിന് വേണ്ടിയാണ് സുരേഷ് കുമാര്‍ സംസാരിച്ചത്. ചെറിയ നിര്‍മാതാക്കള്‍ക്ക് നിലനില്‍ക്കാന്‍ വയ്യാത്ത അവസ്ഥയിലാണ്. മറ്റ് സംഘടനകള്‍ ഇല്ലെങ്കിലും സമരം നടത്തുമെന്നും സൂചന പണിമുടക്കുണ്ടാകുമെന്നും ഇതിന്റെ തീയ്യതി പിന്നീട് അറിയിക്കുമെന്നും ചേംബര്‍ ഭാരവാഹികള്‍ അറിയിച്ചു.