ഹിന്ദിയിൽ സൊനാക്ഷി, മലയാളത്തിൽ കാവ്യ!

Webdunia
ചൊവ്വ, 8 സെപ്‌റ്റംബര്‍ 2015 (16:29 IST)
ഇന്ത്യയിലെ ഏറ്റവും വിലപിടിച്ച സംവിധായകരിൽ ഒരാളാണ് എ ആർ മുരുഗദോസ്. തമിഴിലെയോ തെലുങ്കിലെയോ ഹിന്ദിയിലെയോ ഏത് സൂപ്പർതാരത്തിൻറെ ഡേറ്റ് ആഗ്രഹിച്ചാലും, അക്കാര്യം ചോദിക്കുന്നതിനുമുമ്പേ നൽകാൻ തയ്യാറായി താരങ്ങൾ നിൽക്കുന്ന അവസ്ഥ. എങ്കിലും മുരുഗദോസ് ഇപ്പോൾ ചെയ്യുന്നത് ഒരു ലോബജറ്റ് ചിത്രമാണ്. നായകനില്ല, നായിക മാത്രം. സൊനാക്ഷി സിൻഹയെ നായികയാക്കി ചെയ്യുന്ന ആ സിനിമയുടെ പേര് 'അകിര' എന്നാണ്. അത്രയും മികച്ച സബ്ജക്ട് ആയതുകൊണ്ടാണ് വൻതാരങ്ങളുടെ സിനിമകൾ ഒഴിവാക്കി ഒരു ഹീറോയിൻ ഓറിയൻറഡ് ചിത്രത്തിന് മുരുഗദോസ് ഇറങ്ങിത്തിരിച്ചത്.
 
മലയാളത്തിൻറെ മുരുഗദോസാണ് ജീത്തു ജോസഫ്. വിജയങ്ങൾ മാത്രം നൽകുന്ന സംവിധായകൻ. ദൃശ്യം എന്ന വിസ്മയം സൃഷ്ടിച്ചതോടെ ഏത് താരത്തെ വച്ചും സിനിമ ആലോചിക്കാവുന്ന ഉയരത്തിലേക്ക് ജീത്തു വളർന്നു. കമൽഹാസനെ നായകനാക്കിയ പാപനാശവും വൻ ഹിറ്റായതോടെ ജീത്തുവിൻറെ വിളിക്കായി കത്തിരിക്കുകയാണ് താരങ്ങൾ. എന്നാൽ അവിടെ, മുരുഗദോസിനെപ്പോലെ തന്നെ വ്യത്യസ്തനാകുകയാണ് ജീത്തു ജോസഫ്.
 
കാവ്യാ മാധവനെ നായികയാക്കിയാണ് ജീത്തു ജോസഫ് അടുത്ത ചിത്രം ആലോചിക്കുന്നത്. നായകൻ ഉണ്ടാകില്ല. ഏറെ സാമൂഹ്യപ്രസക്തിയുള്ള ഒരു വിഷയം ഹീറോയിൻ ഓറിയൻറഡായുള്ള ഒരു ചിത്രത്തിലൂടെ അവതരിപ്പിക്കുകയാണ് ജീത്തു. ഈ സിനിമയ്ക്ക് മുമ്പ് പൃഥ്വിരാജിനെ നായകനാക്കി ഒരു ത്രില്ലറൊരുക്കാനും അദ്ദേഹത്തിന് പദ്ധതിയുണ്ട്.
 
കാവ്യാ മാധവന് ഇതത്ര നല്ല സമയമല്ല. സിനിമയിൽ സജീവമല്ല. ഒരിടവേളയ്ക്ക് ശേഷം അഭിനയിച്ച ഷീ ടാക്സി പരാജയമായി. 'ആകാശവാണി' എന്ന സിനിമയാണ് കാവ്യയുടേതായി ഉടൻ റിലീസിന് തയ്യാറെടുക്കുന്നത്.