'ഞാൻ ശരിക്കും ഒന്ന് ഉറങ്ങിയിട്ട് മൂന്ന് മാസമായി. ഈ സമയങ്ങളിൽ എല്ലാം ഞങ്ങൾ നിർത്താതെ ജോലി ചെയ്യുകയാണ്. ഡയറക്ഷൻ ടീമും, കാമറ ടീമും എല്ലാം 38 മുതൽ 48 മണിക്കൂർ വരെയാണ് തുടർച്ചയായി ജോലി ചെയ്തത്. ആരും ഇതിനെ എന്റെ സിനിമയായി മാത്രമല്ല കണ്ടത്. നിർമ്മാതാക്കളും സെറ്റിൽ ചായ കൊണ്ട് വരുന്ന ആളുകൾ പോലും ഇത് അവരവരുടെ സിനിമയായിട്ടാണ് കണ്ടത്. കാന്താരയുടെ ഷൂട്ടിംഗ് ആരംഭിച്ചതിന് ശേഷം 4-5 തവണ ഞാൻ മരണത്തെ മുഖാമുഖം കണ്ടു. പക്ഷെ ദൈവത്തിന്റെ അനുഗ്രഹം എന്നെ രക്ഷിച്ച് ഇന്ന് നിങ്ങളുടെ മുന്നിൽ കൊണ്ട് നിർത്തിയിരിക്കുന്നു', റിഷബ് ഷെട്ടിയുടെ വാക്കുകൾ.
മലയാളികളുടെ പ്രിയതാരം ജയറാമും സിനിമയിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. റിഷഭ് ഷെട്ടി സംവിധാനം ചെയ്തു നായകനായി എത്തുന്ന സിനിമ വലിയ ബജറ്റിൽ ഒരുങ്ങുന്നതിനാൽ പ്രതീക്ഷകൾ വാനോളമാണ്. ചിത്രം ഐമാക്സ് സ്‌ക്രീനുകളിലും പുറത്തിറങ്ങുമെന്നാണ് നിർമാതാക്കൾ അറിയിച്ചിരിക്കുന്നത്. ഇതോടെ വലിയ കളക്ഷൻ സിനിമയ്ക്ക് നേടാനാകും എന്ന് തന്നെയാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ. ചിത്രം ഒക്ടോബർ രണ്ടിന് തിയേറ്ററുകളിൽ എത്തും. കന്നഡ, മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് സിനിമ പുറത്തിറങ്ങുന്നത്.
2022 ൽ റിഷഭ് ഷെട്ടിയുടെ സംവിധാനത്തിൽ റിലീസ് ചെയ്ത് വൻ വിജയം നേടിയ കന്നഡ ചിത്രമാണ് കാന്താര. കന്നഡയിൽ ഇറങ്ങിയ ചിത്രം പിന്നീട് മികച്ച അഭിപ്രായം നേടിയതിനെ തുടർന്ന് വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റി എത്തുകയായിരുന്നു. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരവും റിഷഭിനെ തേടിയെത്തിയിരുന്നു. പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ് സിനിമ കേരളത്തിൽ എത്തിക്കുന്നത്.