വൻ ഹൈപ്പിൽ വരുന്ന ഋഷഭ് ഷെട്ടി ചിത്രമാണ് കാന്താര- 2. ചിത്രത്തിന്റെ സെറ്റിൽ മൂന്നാമത്തെ മരണവും സംഭവിച്ചു. മലയാളിയായ നടൻ ഹൃദയാഘാതംമൂലം മരണപ്പെടുകയായിരുന്നു. തൃശ്ശൂർ സ്വദേശിയായ വിജു വി.കെ ആണ് മരിച്ചത്. അഗുംബെയിലെ ഷൂട്ടിങ് സെറ്റിൽ വച്ച് പുലർച്ചെ വിജുവിന് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല.
റിഷഭ് ഷെട്ടിയുടെ സിനിമയുടെ സെറ്റിൽ മരണപ്പെടുന്ന മൂന്നാമത്തെയാളാണ് വിജു. ഹാസ്യതാരം രാജേഷ് പൂജാരി കഴിഞ്ഞ മാസം ഹൃദയഘാതത്തെ തുടർന്ന് സെറ്റിൽ വെച്ച് മരിച്ചിരുന്നു. മേയിൽ കൊല്ലൂരിൽ സെറ്റിലുണ്ടായിരുന്ന മലയാളിയായ ജൂനിയർ ആർട്ടിസ്റ്റ് എംഎഫ് കബിൽ മുങ്ങിമരിച്ചിരുന്നു. ഇത് ആദ്യമായല്ല കാന്താര ചാപ്റ്റർ 1ന്റെ ചിത്രീകരണത്തിന് തടസങ്ങൾ നേരിടേണ്ടി വരുന്നത്.
ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചത് മുതൽ ഓരോ സംഭവങ്ങൾ ഉണ്ടാകുന്നുണ്ട്. കഴിഞ്ഞ വർഷം മുദൂരിൽ ഒരു ഷൂട്ടിംഗ് കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു സിനിമയിലെ ജൂനിയർ ആർട്ടിസ്റ്റുകൾ സഞ്ചരിച്ചിരുന്ന മിനിബസ് അപകടത്തിൽ പെട്ടത്. 20 ഓളം പേരാണ് അന്ന് ആ ബസിൽ ഉണ്ടായിരുന്നത്. അപകടത്തിൽ ചിലർക്ക് പരിക്കേൽക്കുകയും ചെയ്തു. മാത്രമല്ല, മോശം കാലാവസ്ഥയെ തുടർന്ന് സിനിമയ്ക്ക് വേണ്ടി നിർമിച്ച വലുതും ചെലവേറിയതുമായ സെറ്റ് തകർന്നതും വാർത്തകളിൽ നിറഞ്ഞിരുന്നു.