30 വർഷങ്ങൾക്ക് ശേഷം കമൽ ഹാസനും മണിരത്നവും ഒന്നിച്ചപ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷ വാനോളമായിരുന്നു. എന്നാൽ, തഗ് ലൈഫ് റിലീസ് ആയ ദിനം മുതൽ നെഗറ്റീവ് അഭിപ്രായമാണ് ലഭിക്കുന്നത്. കമലിന്റെ ആരാധകരെ പോലും സംതൃപ്തിപ്പെടുത്താൻ സിനിമയ്‌ക്കായില്ല. മൂന്ന് ദിവസം പിന്നിടുമ്പോൾ സിനിമയ്ക്ക് ബോക്സ് ഓഫീസിൽ ചലനം സൃഷ്ടിക്കാനാകുന്നില്ല എന്ന റിപ്പോർട്ടുകളാണ് വരുന്നത്.
മൂന്ന് ദിവസം കൊണ്ട് സിനിമ ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്ന് 30.15 കോടി നേടിയതായാണ് സാക്നിൽക്ക് റിപ്പോർട്ട് ചെയ്യുന്നത്. മൂന്നാം ദിനമായ ഇന്നലെ 7.5 കോടിയാണ് സിനിമ കളക്ട് ചെയ്തത്. ആഗോളതലത്തിൽ രണ്ട് ദിവസം കൊണ്ട് തഗ് ലൈഫ് 52 കോടി നേടിയിരുന്നു. മൂന്നാം ദിവസത്തെ മുഴുവൻ കളക്ഷൻ കണക്കുകൾ ഇനിയും പുറത്തു വന്നിട്ടില്ല. എന്നാൽ കണക്കുകൾ പ്രകാരം ആഗോളതലത്തിൽ 60–65 കോടി വരെ കളക്ഷൻ ലഭിക്കുമെന്നാണ് സൂചന.
ചിത്രം പ്രേക്ഷകരുടെ പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നില്ലെന്നും നിരാശരാക്കിയെന്നുമാണ് സോഷ്യൽമീഡിയയിൽ പങ്കുവച്ച അഭിപ്രായങ്ങൾ തെളിയിക്കുന്നത്. മണിരത്നത്തിൽ നിന്നും ഇങ്ങനെയൊരു ചിത്രം പ്രതീക്ഷിച്ചില്ലെന്നും പറയുന്നവരുണ്ട്. എആർ റഹ്‌മാന്റെ പശ്ചാത്തലസംഗീതം പൂർണമായും നിരാശപ്പെടുത്തിയെന്നും പ്രേക്ഷകർ എക്സിൽ കുറിക്കുന്നുണ്ട്.