ജയറാമിന് തബു നായിക, ഒരു സ്റ്റൈലിഷ് കുടുംബകഥ അണിയറയില്‍ !
തിങ്കള്‍, 19 ഓഗസ്റ്റ് 2019 (14:31 IST)
ജയറാമിന് തബു നായികയാകുന്നു. ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്യുന്ന ‘അല വൈകുണ്ഠപുരംലോ’ എന്ന തെലുങ്ക് ചിത്രത്തിലാണ് ജയറാമും തബുവും ഒന്നിക്കുന്നത്. അല്ലു അര്‍ജ്ജുനാണ് ചിത്രത്തിലെ നായകന്‍. അല്ലുവിന്‍റെ പിതാവായാണ് ജയറാം അഭിനയിക്കുന്നത്.
ജയറാമും തബുവും ഒന്നിക്കുന്നത് ഇതാദ്യമായാണ്. ശരീരഭാരം വളരെയധികം കുറച്ച് സ്റ്റൈലിഷ് ലുക്കിലാണ് ജയറാം ഈ സിനിമയിലെത്തുന്നത്. ജയറാമിന് ഏറെ പ്രതീക്ഷയുള്ള സിനിമ കൂടിയാണിത്.
പൂജ ഹെഗ്‌ഡെയും നിവേദ പെത്തുരാജുമാണ് ചിത്രത്തിലെ നായികമാര്‍. സത്യരാജ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മൂന്ന് തലമുറകളുടെ കഥ പറയുന്ന ഒരു റൊമാന്‍റിക് ഫാമിലി എന്‍റര്‍ടെയ്നറായിരിക്കും അല വൈകുണ്ഠപുരംലോ.
അടുത്ത വര്‍ഷം ജനുവരിയില്‍ പ്രദര്‍ശനത്തിനെത്തുന്ന സിനിമ തെലുങ്കിലും തമിഴിലും മലയാളത്തിലുമായി റിലീസാകും.