'ആനക്കഥയാണ് കണ്ണന് കൂടുതല്‍ ഇഷ്ടം,ചക്കിക്ക് എപ്പോഴും പറഞ്ഞുകൊടുത്തിട്ടുള്ളത് സിന്‍ഡ്രല്ലയുടെ കഥയാണ്'; മക്കളെക്കുറിച്ച് ജയറാം പറയുന്നു

കെ ആര്‍ അനൂപ്
ശനി, 9 ഡിസം‌ബര്‍ 2023 (09:00 IST)
താര ദമ്പതികളായ ജയറാമിന്റെയും പാര്‍വതിയുടെയും മകള്‍ മാളവികയുടെ വിവാഹനിശ്ചയം കഴിഞ്ഞ ദിവസമായിരുന്നു കൂര്‍ഗിലെ മൊണ്‍ട്രോസ് ഗോള്‍ഫ് റിസോര്‍ട്ടില്‍വെച്ച് നടന്നത്. വരന്‍ നവനീത് യുകെയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ആണ്. വിവാഹനിശ്ചയ ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയ ശേഷം മകളെക്കുറിച്ച് ജയറാം സംസാരിച്ചു. 
 
സന്തോഷവും നന്ദിയും പറഞ്ഞു കൊണ്ടാണ് ജയറാം സംസാരിച്ചു തുടങ്ങിയത്. 
 
ജയറാമിന്റെ വാക്കുകളിലേക്ക് 
 
'സന്തോഷം. നന്ദി അറിയിക്കുന്നു. ഇത്തരത്തിലുള്ള ചടങ്ങുകള്‍ നമ്മള്‍ എത്രയോ മാസങ്ങള്‍ക്ക് മുമ്പ് പ്ലാന്‍ ചെയ്യുന്നതാണ്. മനസിലൊരു സ്വപ്നംപോലെ. പ്രത്യേകിച്ച് ചക്കിയുടെ വിവാഹം എന്നുപറയുന്നത് എന്റേയും അശ്വതിയുടേയും എത്രയോ വര്‍ഷത്തെ സ്വപ്നമാണ്. മറ്റൊന്നുംകൊണ്ടല്ല, കണ്ണന് ഞാന്‍ കുട്ടിക്കാലത്ത് കഥകള്‍ പറഞ്ഞുകൊടുക്കാറുണ്ട്. അവന് ഏറ്റവും ഇഷ്ടമുള്ളത് ആനക്കഥയാണ്. ഞാന്‍ രാത്രി എത്ര നേരം വൈകി ഷൂട്ടിങ് കഴിഞ്ഞുവന്നാലും 'ആനക്കഥ പറ അപ്പാ' എന്ന് പറഞ്ഞ് അവന്‍ കാത്തിരിപ്പുണ്ടാകും. ആനക്കഥ എന്നുവെച്ചാല്‍ പെരുമ്പാവൂര് പണ്ട് ഞങ്ങളുടെ നാട്ടില് മദം പിടിച്ചോടിയ ഒരാന, അതിന്റെ പിറകെ ഞാനോടുന്നപോലെ എന്റെ അച്ഛന്‍ എനിക്ക് പറഞ്ഞുതന്നിട്ടുണ്ട്. അതിലെ കഥാപാത്രം കണ്ണനാക്കിയിട്ട് ഞാന്‍ അവന് പറഞ്ഞുകൊടുക്കും. അങ്ങനെ അവസാനം കണ്ണന്‍ പോയി ആനയെ തളച്ച് കെട്ടിയിട്ട് തിരിച്ചുവരുന്ന, അവന് വീരപരിവേഷം കിട്ടുന്ന തരത്തിലുള്ള കഥ. അപ്പോഴേക്കും അവന്‍ ഉറങ്ങിപ്പോകും. ചക്കിക്ക് എപ്പോഴും പറഞ്ഞുകൊടുത്തിട്ടുള്ളത് സിന്‍ഡ്രല്ലയുടെ കഥയാണ്. ഒരിക്കല്‍ ഒരു രാജകുമാരന്‍ വരും എന്ന കഥ. ഭയങ്കര സുന്ദരനായിട്ടുള്ള രാജകുമാരന്‍ വെള്ള കുതിരവണ്ടിയില്‍ കയറി ചക്കിയെ തേടിവരും. അങ്ങനെയുള്ള കഥകളാണ് ഒരുപാട് പറഞ്ഞുകൊടുത്തിട്ടുള്ളത്. ദൈവം അതുപോലെ ഒരു രാജകുമാരനെത്തന്നെ ചക്കിക്ക് കൊണ്ടുകൊടുത്തു. ഞങ്ങളുടെ എത്രയോ വര്‍ഷത്തെ സ്വപ്നമാണ്. രണ്ടു മൂന്ന് ദിവസമായിട്ട് ചെന്നൈയില്‍ മഴയാണ്. എത്തിപ്പെടാനുള്ള ബുദ്ധിമുട്ടുകള്‍. പലര്‍ക്കും പല സ്ഥലങ്ങളില്‍ നിന്ന് വരാന്‍ പറ്റുന്നില്ല. അപ്പോഴൊക്കെ ഗിരീഷ് എന്റെ അടുത്തുവന്നു പറയും. 'ധൈര്യമായിട്ടിരിക്ക്, ഗുരൂവായൂരപ്പന്റെ അനുഗ്രഹം കൊണ്ട് എല്ലാം ഭംഗിയായി നടക്കും'. അങ്ങനെ ഇന്ന് എല്ലാം ഗുരുവായൂരപ്പന്‍ ഭംഗിയാക്കി തന്നു. 2024 മെയ് മാസം മൂന്നാം തിയ്യതി ഗുരുവായൂരപ്പന്റെ സന്നിധിയില്‍ വെച്ച് വിവാഹം നടത്താനുള്ള ഭാഗ്യവും ഞങ്ങള്‍ക്ക് ലഭിച്ചു. എല്ലാവരുടേയും എല്ലാ അനുഗ്രഹവും വേണം.',-ജയറാം പറഞ്ഞു.
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article