ജോസ് ഏട്ടായി ഒരു വരവ് കൂടി വരും ,ടർബോ 2 ഉണ്ടാകും, അത് ഇടിയുടെ പെരുന്നാൾ തന്നെയാകും, മമ്മൂട്ടി ആരാധകരെ രോമാഞ്ചം കൊള്ളിച്ച് വൈശാഖ്

അഭിറാം മനോഹർ

വ്യാഴം, 20 ജൂണ്‍ 2024 (20:16 IST)
മമ്മൂട്ടി നായകനായി തിയേറ്ററുകളില്‍ മികച്ച വിജയം നേടിയ ടര്‍ബോ സിനിമയ്ക്ക് രണ്ടാം ഭാഗമുണ്ടാകുമെന്ന് സംവിധായകന്‍ വൈശാഖ്. ഷാര്‍ജയില്‍ നടന്ന സിനിമയുടെ വിജയാഘോഷ പരിപാടിയില്‍ സംസാരിക്കവെയാണ് വൈശാഖ് സിനിമയ്ക്ക് രണ്ടാം ഭാഗമുണ്ടാകുമെന്ന് വ്യക്തമാക്കിയത്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ ഇറങ്ങിയ സിനിമയ്ക്ക് ആദ്യ ദിവസങ്ങളിലെ മിന്നുന്ന തുടക്കം നിലനിര്‍ത്താനായില്ലെങ്കിലും 80 കോടിയ്ക്കടുത്ത് സിനിമ കളക്ട് ചെയ്തതായാണ് കണക്കുകള്‍ പറയുന്നത്.
 
 സിനിമയില്‍ ജോസ് ഏട്ടായി എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തിയത്. ചിത്രത്തിന്റെ ക്ലൈമാക്‌സില്‍ ഒരു രണ്ടാം ഭാഗത്തിനുള്ള സൂചന ഇട്ടാണ് അവസാനിച്ചത്. ഇതോടെയാണ് സിനിമയ്ക്ക് രണ്ടാം ഭാഗമുണ്ടാകുമോ എന്ന ചോദ്യം ഉയര്‍ന്നത്. അതിനുള്ള വൈശാഖിന്റെ മറുപടി ഇങ്ങനെയായിരുന്നു. ഒരു വിജയചിത്രത്തിന്റെ സംവിധായകനെന്ന നിലയില്‍ ഇവിടെ വന്ന് നില്‍ക്കുന്നത് സന്തോഷമുള്ള കാര്യമാണ്. ടര്‍ബോ വിജയിപ്പിച്ച എല്ലാവര്‍ക്കും ആയിരമായിരം നന്ദി. സിനിമയ്ക്ക് വേണ്ടി ആത്മാര്‍ഥമായി പരിശ്രമിച്ച എല്ലാവര്‍ക്കും നന്ദി.
 
 പ്രധാനമായും മമ്മൂട്ടി ഈ സിനിമയ്ക്ക് വേണ്ടി ഒട്ടേറെ അദ്ധ്വാനിച്ചിട്ടുണ്ട്. നിങ്ങളെല്ലാവരും അനുഗ്രഹിച്ചാല്‍ സിനിമയുടെ രണ്ടാം ഭാഗം ഉടനെ തന്നെയുണ്ടാകും വൈശാഖ് വ്യക്തമാക്കി. സിനിമയ്ക്ക് രണ്ടാം ഭാഗം സംഭവിക്കുകയാണെങ്കില്‍ ഇക്കുറി മമ്മൂട്ടിയ്‌ക്കൊപ്പം വിജയ് സേതുപതിയും സിനിമയിലുണ്ടാകും. അങ്ങനെയെങ്കില്‍ ടര്‍ബോയ്ക്കും മുകളില്‍ പോകുന്ന സിനിമയായിരിക്കും രണ്ടാം ഭാഗമെന്നാണ് ആരാധകരും പ്രതീക്ഷിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍