നായികയ്ക്ക് നായകന്റെ പ്രതിഫലം നല്‍കാനാവില്ല : ഭീമന്‍ രഘു

എ കെ ജെ അയ്യർ

ഞായര്‍, 3 ഓഗസ്റ്റ് 2025 (13:41 IST)
തിരുവനന്തപുരം : സിനിമയില്‍ നായകനു നല്‍കുന്ന പ്രതിഫലം നായികയ്ക്കും നല്‍കണമെന്ന വാദം ഒരിക്കലും നടപ്പിലാക്കാനാകില്ല എന്ന് സിനിമാതാരം ഭീമന്‍ രഘു. കഴിഞ്ഞ ദിവസം നടന്ന സിനിമാ കോണ്‍ക്ലേവ് ഓപ്പണ്‍ ഫോറത്തിലാണ് ഭീമന്‍  രഘു ഇതു പറഞ്ഞത്. പണം മുടക്കാന്‍ എത്തുന്ന നിര്‍മ്മാതാവ് നായകന്‍ ആരാണെന്നാണ് ആദ്യം തീരുമാനിക്കുന്നത്. ഒരു നടന്‍ നായകനാകുമ്പോള്‍ എത്രത്തോളം നേട്ടം ഉണ്ടാകും എന്ന് ആലോചിച്ചാണ് പണം മുടക്കുന്നത് എന്നും ഭീമന്‍ രഘു പറഞ്ഞു.
 
ഇതിനൊപ്പം പുതുതായി എത്തുന്ന നിര്‍മ്മാതാവിന്റെ ടൈറ്റില്‍ രജിസ്‌ട്രേഷന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കെ.എസ്.എഫ്.ഡി.സി വഴി ചെയ്യണമെന്നും രഘു അഭിപ്രായപ്പെട്ടു. ഇതു കൂടാതെ ഫിലിം ചേമ്പര്‍ ഓഫ് കോമേഴ്‌സും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും പുതിയ നിമ്മാതാക്കളില്‍ നിന്ന് പല പേരുകളില്‍ വലിയ തുക വാങ്ങുന്നുണ്ട് എന്ന് രഘു ആരോപിച്ചപ്പോള്‍ കോണ്‍ക്ലേവിലെ ചില ഡെലിഗേറ്റുകള്‍ എതിര്‍പ്പുമായി എഴുന്നേറ്റെങ്കിലും ജനാധിപത്യ രീതിയില്‍ ആര്‍ക്കും അഭിപ്രായം പറയാമെന്നും അതിന്റെ മറുപട സദസില്‍ നിന്ന് വേണ്ടെന്നും മന്ത്രി സജി ചെറിയാന്‍ ഇടപെട്ടു പറഞ്ഞതോടെ രംഗം വഷളാകാതെ കഴിഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍