ലൈംഗികാതിക്രമ കുറ്റം തെളിഞ്ഞാല്‍ സിനിമയില്‍ അഞ്ച് വര്‍ഷം വിലക്ക്; ഹേമ കമ്മിറ്റി മോഡല്‍ തമിഴ്‌നാട്ടിലും

രേണുക വേണു

വ്യാഴം, 5 സെപ്‌റ്റംബര്‍ 2024 (09:32 IST)
Nadikar Sangham

ലൈംഗികാതിക്രമ പരാതികളില്‍ ശക്തമായ നടപടിയെടുക്കാന്‍ തമിഴ് താരസംഘടനയായ നടികര്‍ സംഘം. ലൈംഗികാതിക്രമ പരാതികള്‍ അന്വേഷിക്കാന്‍ ആഭ്യന്തര പരാതി പരിഹാര സെല്‍ രൂപീകരിക്കുമെന്ന് നടികര്‍ സംഘം പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ നാല് ബുധനാഴ്ച ചെന്നൈയില്‍ ചേര്‍ന്ന നടികര്‍ സംഘത്തിന്റെ യോഗത്തിലാണ് തീരുമാനം. 
 
ലൈംഗികാതിക്രമം തെളിയിക്കപ്പെട്ടാല്‍ കുറ്റക്കാര്‍ക്കു അഞ്ച് വര്‍ഷത്തേക്കു സിനിമയില്‍ വിലക്ക് ഏര്‍പ്പെടുത്തും. അതിക്രമത്തിന് ഇരയാകുന്നവര്‍ക്ക് നിയമസഹായം ഉറപ്പാക്കുന്നതിനുള്ള എല്ലാ നടപടികളും നടികര്‍സംഘം ഉറപ്പാക്കും. ആഭ്യന്തര പരാതി പരിഹാര സെല്ലിന് പ്രത്യേക ഇ-മെയിലും ഫോണ്‍ നമ്പറും ഏര്‍പ്പെടുത്തും. ഇതിലൂടെ പരാതികള്‍ അറിയിക്കാം. പരാതികള്‍ സൈബര്‍ പൊലീസിനു കൈമാറും. പരാതികള്‍ ആദ്യം തന്നെ നടികര്‍ സംഘത്തിന് നല്‍കാതെ മാധ്യമങ്ങള്‍ക്കു മുന്നില്‍ വെളിപ്പെടുത്തരുതെന്നും മുന്നറിയിപ്പുണ്ട്. 
 
മലയാള സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് പഠിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഹേമ കമ്മിറ്റി രൂപീകരിച്ചിരുന്നു. കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ തമിഴ്‌നാട്ടില്‍ അടക്കം ഇത് ചര്‍ച്ചയായി. ഈ സാഹചര്യത്തിലാണ് നടികര്‍ സംഘത്തിന്റെ പുതിയ തീരുമാനം. നടികര്‍ സംഘം പ്രസിഡന്റ് നാസര്‍, സെക്രട്ടറി വിശാല്‍, ട്രഷറര്‍ കാര്‍ത്തി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍