തെന്നിന്ത്യന്‍ സിനിമയില്‍ ഒട്ടേറെ ആരാധകരുള്ള താരമാണ് തമിഴ് നടനായ വിജയ്. ഓരോ വിജയ് സിനിമയേയും ആഘോഷം പോലെയാണ് കേരളത്തിലെ സിനിമാപ്രേക്ഷകരും സ്വീകരിക്കാറുള്ളത്. ഇപ്പോഴിതാ സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതായി വിജയ് പ്രഖ്യാപിച്ചതിന് ശേഷമുള്ള ആദ്യ സിനിമ ഗോട്ട് ഈ ആഴ്ച തിയേറ്ററുകളില്‍ എത്തുകയാണ്. വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന സയന്‍സ് ഫിക്ഷന്‍ ആക്ഷന്‍ സിനിമയില്‍ അച്ഛനും മകനുമായാണ് വിജയ് എത്തുന്നത്. ഡീ ഏജിംഗ് എന്ന സാങ്കേതിക വിദ്യയിലൂടെയാണ് വെങ്കട് പ്രഭു ഇത് സാധിച്ചെടുത്തത്.
സിനിമയുടെ ആദ്യ ആലോചനയില്‍ ഈ 2 കഥാപാത്രങ്ങളായി മനസിലുണ്ടായിരുന്നത് മറ്റ് താരങ്ങളായിരുന്നുവെന്ന് വെങ്കട് പ്രഭു പറയുന്നു. സിനിമ എഴുതുന്ന സമയത്ത് ഡീ ഏജിംഗ് ടെക്‌നോളജിയെ പറ്റി എനിക്ക് അറിയില്ലായിരുന്നു. അച്ഛനായി രജനീ സാറും മകനായി ധനുഷുമാണ് മനസിലുണ്ടായിരുന്നത്. ഡീ ഏജിംഗ് ടെക്‌നോളജിയെ പറ്റി കൂടുതല്‍ മനസിലാക്കിയപ്പോഴാണ് വിജയ് സാറിനെ പോലൊരാള്‍ ആ രണ്ട് കഥാപാത്രങ്ങളും ചെയ്താല്‍ എങ്ങനെയുണ്ടാകുമെന്ന് ആലോചിച്ചത്. ഗലാറ്റ പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ വെങ്കട് പ്രഭു പറഞ്ഞു.