സോഹൻ സീനുലാൽ സംവിധാനം ചെയ്യുന്ന വന്യം എന്ന ചിത്രം വിവാദത്തിലേക്ക്. ചിത്രത്തിനെതിരെ തൃശൂർ സ്വദേശി കോടതിയെ സമീപിച്ചു. വന്യം മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് കാണിച്ചാണ് ഇയാൾ കോടതിയെ സമീപിച്ചിരിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്ററിൽ കാണിച്ചിരിക്കുന്ന ക്രിസ്തുവിന്റെ രൂപവും ട്രെയിലറും മുൻ നിർത്തിയാണ് പരാതി നൽകിയിരിക്കുന്നത്. ബലാത്സംഗം ചെയ്യപ്പെടുന്ന കന്യാസ്ത്രീയുടെ ജീവിതമാണ് സെപ്തംബർ മൂന്നിന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ പ്രമേയം.
അതേസമയം, മതവികാരം വ്രണപ്പെടുന്ന ഒന്നും തന്നെ ചിത്രത്തിൽ ഇല്ലെന്നും സെൻസർ ബോർഡിന്റെ കനത്ത പരിശോധനയ്ക്ക് ശേഷമാണ് ചിത്രം പ്രദർശനത്തിനെത്തുന്നതെന്ന് സംവിധായകൻ സോഹൻ സീനുലാൽ വ്യക്തമാക്കി. എ സർട്ടിഫിക്കറ്റോടെയാണ് ചിത്രം തീയേറ്ററുകളിൽ എത്തുന്നത്. അപർണ നായരാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സ്ത്രീകൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങളാണ് ചിത്രം എടുക്കാൻ ഉണ്ടായ പ്രചോദനമെന്ന് സംവിധായകൻ ദേശാഭിമാനിയോട് പറഞ്ഞു.