ആമിര്‍ നഗ്നനായി റെയില്‍‌വേ ട്രാക്കില്‍; അന്തംവിട്ട് ആരാധകര്‍!

Webdunia
വെള്ളി, 1 ഓഗസ്റ്റ് 2014 (11:27 IST)
ആമിര്‍ ഖാന്‍ നഗ്നനായി റെയില്‍‌വേ ട്രാക്കില്‍. നഗ്നത മറയ്ക്കാന്‍ കൈയില്‍ ഒരു ടേപ്പ് റെക്കോര്‍ഡര്‍ മാത്രം. സംഭവം കണ്ട് ആരാധകര്‍ ഞെട്ടി. അതേ ഞെട്ടിക്കാന്‍ തന്നെയാണ് ആമിറിന്റെ തീരുമാനം 
 
ആമിര്‍ നായകനാകുന്ന പികെയുടെ ആദ്യ പോസ്റ്ററിലാണ് നഗ്നനായി വന്ന് ആരാധകരെ ഞെട്ടിച്ചത്. ആമിര്‍ ഖാന്റെ ബോള്‍ഡ് ലുക്ക് എന്നാണ് പോസ്റ്ററിനെ ആരാധകര്‍ വിശേഷിപ്പിക്കുന്നത്. ആദ്യപോസ്റ്റര്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. 
 
2012-ല്‍ ഷൂട്ടിംഗ് തുടങ്ങിയ ചിത്രം ഇതിന് മുന്‍പ് തന്നെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ആമിര്‍ പാവാടയും കോട്ടും ടേപ്പ് റെക്കോര്‍ഡറുമായി നടന്നുപോകുന്ന ചിത്രവും പികെയുടെ സെറ്റില്‍ നിന്ന് പുറത്തുവന്നിരുന്നു. ഹിന്ദുദൈവങ്ങളെയും ആള്‍ദൈവങ്ങളെയും കുറിച്ചുള്ള സറ്റയറാണ് ചിത്രമെന്നാണ് സംവിധായകന്‍ രാജ്കുമാര്‍ ഹിറാനിയുടെ ഭാഷ്യം. 
 
സിനിമയില്‍ അന്യഗ്രഹത്തില്‍ നിന്നുമെത്തുന്നയാളായാണ് ആമിര്‍ അഭിനയിക്കുന്നത് എന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. മുന്‍പ് ശിവന്റെ വേഷം ധരിച്ചയാള്‍ ബുര്‍ഖ ധരിച്ച രണ്ട് സ്ത്രീകള്‍ ഇരിക്കുന്ന ഓട്ടോ തള്ളുന്ന ഭാഗം ചിത്രത്തിലുണ്ടെന്നും മതവിദ്വേഷത്തെ വ്രണം പെടുത്തുന്നുവെന്നും ആരോപിച്ച് ഒരു വിഭാഗം രംഗത്തെത്തിയിരുന്നു. 
 
അനുഷ്‌ക ശര്‍മയാണ് ചിത്രത്തിലെ നായിക. സഞ്‌ജയ് ദത്ത്, ബോമാന്‍ ഇറാനി, കൈ പോ ചേ ഫെയിം സുശാന്ത് സിംഗ് രജ്പുത് തുടങ്ങി ഒരു വമ്പന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്. ഡിസംബര്‍ 19 ന് ചിത്രം പുറത്തിറങ്ങും.