കോളേജ് മുതൽ സുഹൃത്ത്, സ്ഥിരമായി ശമ്പളമില്ലാത്തപ്പോൾ പോലും ഒപ്പം നിന്നത് ആരതി, ഭാര്യയെ പറ്റി മനസ് തുറന്ന് ശിവകാർത്തികേയൻ

അഭിറാം മനോഹർ

ചൊവ്വ, 2 സെപ്‌റ്റംബര്‍ 2025 (15:25 IST)
സണ്‍ ടിവിയില്‍ അവതാരകനായി വന്ന് ചെറിയ സിനിമകളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടി സൂപ്പര്‍ താരമായ നടനാണ് ശിവകാര്‍ത്തികേയന്‍. നിലവില്‍ പുതിയ തലമുറയിലെ താരങ്ങളില്‍ ഏറ്റവും താരമൂല്യമുള്ള താരമായി മാറുന്നതില്‍ ശിവകാര്‍ത്തികേയന് വലിയ പിന്തുണ നല്‍കിയത് ഭാര്യയായ ആരതിയാണ്. ഇപ്പോഴിതാ തന്റെ പുതിയ സിനിമയായ മദരാസിയുടെ പ്രമോഷന്‍ പരിപാടിയില്‍ തന്റെ ജീവിതത്തില്‍ ഭാര്യയ്ക്കുള്ള സ്ഥാനത്തിനെ പറ്റി മനസ്സ് തുറന്നിരിക്കുകയാണ് ശിവകാര്‍ത്തികേയന്‍.
 
കോളേജ് കാലഘട്ടം മുതല്‍ ഭാര്യയായ ആരതി സുഹൃത്തായിരുന്നുവെന്നും കോളേജ് കാലഘട്ടത്തില്‍ തന്റെ കഴിവുകള്‍ ആദ്യം തിരിച്ചറിഞ്ഞതും പ്രോത്സാഹനം നല്‍കിയതും ആരതി ഉള്‍പ്പെടുന്ന സുഹൃത്തുക്കള്‍ ആയിരുന്നുവെന്നും ശിവകാര്‍ത്തികേയന്‍ പറയുന്നു. മിമിക്രി ചെയ്യാനും സ്റ്റേജില്‍ പരിപാടികള്‍ ചെയ്യാന്‍ പ്രോത്സാഹനവും ധൈര്യവും നല്‍കിയത് അവരാണ്. സിനിമയിലെത്തുന്നതിന് മുന്‍പ് തന്നെ ആരതി വിവാഹത്തിന് സമ്മതം പറഞ്ഞിരുന്നു. അന്ന് ജീവിതത്തില്‍ കൃത്യമായ ശമ്പളം പോലും ഇല്ലാതിരുന്ന ഘട്ടമാണ്. സിനിമയില്‍ എന്താകുമെന്നോ ഒന്നും അറിയാതെ ഒന്നും പ്രതീക്ഷിക്കാതെയാണ് ആരതി വിവാഹത്തിന് സമ്മതം മൂളിയത്. അക്കാര്യം ഒരിക്കലും മറക്കില്ല. അവളോട് അതില്‍ എക്കാലവും നന്ദിയുണ്ട്. ശിവകാര്‍ത്തികേയന്‍ പറഞ്ഞു. 2010ലായിരുന്നു ശിവകാര്‍ത്തികേയന്റെയും ആരതിയുടെയും വിവാഹം. ഈ ബന്ധത്തില്‍ ഇരുവര്‍ക്കും 3 മക്കളുണ്ട്.
 
കോളേജ് കാലഘട്ടത്തില്‍ സ്റ്റാന്‍ഡ് അപ്പ് കൊമേഡിയന്‍, മിമിക്രി ആര്‍ട്ടിസ്റ്റ് എന്നീ നിലകളിലാണ് ശിവകാര്‍ത്തികേയന്‍ കരിയര്‍ ആരംഭിച്ചത്. 2006ല്‍ പഠനത്തില്‍ നിന്നും 3 മാസം ഇടവേലയെടുത്ത് കലക്ക പോവത് യാര് എന്ന കോമഡി റിയാലിറ്റി ഷോയിലെത്തുകയും വിജയിക്കുകയും ചെയ്തു. 2012ല്‍ മറീന എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തി, ധനുഷ് അഭിനയിച്ച 3 എന്ന സിനിമയിലും വേഷമിട്ടു. 2013ല്‍ വറുത്തപ്പെടാത വാലിബസംഘം എന്ന സിനിമയാണ് ശിവകാര്‍ത്തികേയന് ആദ്യത്തെ വലിയ വിജയം സമ്മാനിച്ചത്. 2018ല്‍ കനാ എന്ന സിനിമയിലൂടെ നിര്‍മാതാവായി മാറി. 2021,2022 വര്‍ഷങ്ങളില്‍ ഡോക്ടര്‍, ഡോണ്‍ എന്നിങ്ങനെ 2 വലിയ ഹിറ്റുകള്‍ നേടാന്‍ ശിവകാര്‍ത്തികേയനായി. 2024ല്‍ ഇറങ്ങിയ അമരന്‍ തമിഴ്നാട്ടില്‍ വലിയ വിജയമായി മാറി. സെപ്റ്റംബര്‍ 5ന് പുറത്തിറങ്ങുന്ന മദിറാസിയാന് ശിവകാര്‍ത്തികേയന്റെ അടുത്തതായി റിലീസ് ചെയ്യാനിരിക്കുന്ന സിനിമ.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍