Dulquer Salman: ദുൽഖറിന്റെ വേഫെറർ കമ്പനിയിലും ഇ.ഡിയുടെ റെയ്ഡ്; സാമ്പത്തിക ഇടപാടുകൾ പരിശോധിക്കുന്നു

നിഹാരിക കെ.എസ്

ബുധന്‍, 8 ഒക്‌ടോബര്‍ 2025 (10:59 IST)
ചെന്നൈ: ഭൂട്ടാൻ വാഹനക്കടത്ത് കേസുമായി ബന്ധപ്പെട്ട പരിശോധന കടുപ്പിച്ച് ഇ.ഡി. നടൻ ദുൽഖർ സൽമാന്റെ രണ്ട് വീടുകളിലും ഇ.ഡി പരിശോധന നടത്തി. പിന്നാലെ, പരിശോധന ദുൽഖറിന്റെ നിർമ്മാണ കമ്പനിയായ വേഫെററിലേക്കും വ്യാപിപ്പിച്ചു. നിർമ്മാണ കമ്പനിയുടെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കുകയാണ്. 
 
എട്ട് ഉദ്യോഗസ്ഥർ ചെന്നൈ ഗ്രീൻ റോഡിലെ ഓഫീസിലെത്തി. സൂപ്പർഹിറ്റുകളായ ലോക, കുറുപ്പ്, കിംഗ് ഓഫ് കൊത്ത സിനിമകൾ ഉൾപ്പെടെ നിർമ്മിച്ചത് വേഫെറർ ഫിലിംസ് ആണ്. ഇന്ന് രാവിലെ മമ്മൂട്ടി, പൃഥ്വിരാജ്, ദുൽഖർ സൽമാൻ, അമിത് ചക്കാലക്കൽ എന്നിവരുടെ വീട്ടിൽ ഇ ഡി ഉദ്യോഗസ്ഥർ എത്തിയതിന് പിന്നാലെയാണ് നിർമ്മാണ കമ്പനിയിലേക്കും പരിശോധന വ്യാപിപ്പിച്ചത്. ഒരേസമയം 17 ഇടങ്ങളിലാണ് ഇ ഡി ഉദ്യോഗസ്ഥർ എത്തിയത്.
 
ദുൽഖറിന്റെ കൊച്ചിയിലെ രണ്ട് വീട്ടിലും ചെന്നൈയിലെ ഒരു വീട്ടിലുമാണ് പരിശോധന. മമ്മൂട്ടി ഹൗസ് എന്ന് അറിയപ്പെടുന്ന മമ്മൂട്ടിയുടെ പഴയ വീട്ടിലും മമ്മൂട്ടി ഇപ്പോൾ താമസിക്കുന്ന കടവന്ത്രയിലെ വീട്ടിലും റെയ്ഡ് നടക്കുകയാണ്. നിലവിൽ കടവന്ത്രയിലെ വീട്ടിലാണ് ദുൽഖറും താമസിക്കുന്നത്. 
 
ഭൂട്ടാൻ വാഹനക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസും നേരത്തെ മൂവരുടെയും വീട്ടിൽ റെയ്ഡ് സംഘടിപ്പിച്ചിരുന്നു. തുടർന്ന് ദുൽഖറിന്റെ ഡിഫൻഡർ, ലാൻഡ് ക്രൂയിസർ, നിസ്സാൻ പട്രോൾ വാഹനങ്ങൾ കസ്റ്റംസ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഇതിൽ ഡിഫൻഡർ വിട്ടുനൽകണം എന്നാവശ്യപ്പെട്ട് ദുൽഖർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. 
 
പിന്നാലെ, ദുൽഖറിന്റെ ഡിഫൻഡർ വിട്ടുനൽകുന്നത് പരിഗണിക്കണമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കുകയായിരുന്നു. ഒരാഴ്ചയ്ക്കുള്ളിൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍