കൊച്ചി: ഭൂട്ടാൻ വാഹന കടത്തിൽ മമ്മൂട്ടിയുടെയും ദുൽഖർ സൽമാന്റെയും പൃഥ്വിരാജിന്റെയും വീട്ടിൽ പരിശോധനയുമായി ഇ.ഡി. 17 ഇടങ്ങളിൽ ഒരേസമയമാണ് പരിശോധന. മമ്മൂട്ടി താമസിച്ചിരുന്ന പഴയ വീട്, കടവന്ത്രയിലെ പുതിയ വീട് എന്നിവിടങ്ങളിലാണ് റെയ്ഡ്. കടവന്ത്രയിലെ പുതിയ വീട്ടിലാണ് ദുൽഖർ താമസിക്കുന്നത്.
ഇതേ കേസിൽ ഉൾപ്പെട്ട നടൻ അമിത് ചക്കാലയ്ക്കൽ, വിദേശ വ്യവസായി വിജേഷ് വർഗീസ്, ചില വാഹന ഡീലർമാർ എന്നിവരുടെ വീടുകളിലും ഇഡിയുടെ മിന്നൽ പരിശോധന നടക്കുന്നുണ്ട്. അമിത് ചക്കാലയ്ക്കലിന്റെ വാഹനവും പിടിച്ചെടുത്തിരുന്നു. കോട്ടയം, തൃശൂർ, മലപ്പുറം, കോഴിക്കോട് എന്നിവടങ്ങൾക്കു പുറമെ ചെന്നൈയിലും പരിശോധന നടക്കുന്നുണ്ടെന്നാണ് വാർത്തകളിൽ പറയുന്നത്.
അതേസമയം, ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി കസ്റ്റംസ് പിടിച്ചെടുത്ത വാഹനം നടൻ ദുൽഖർ സൽമാന് വിട്ടുകൊടുക്കണമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടിരുന്നു. വാഹനം കിട്ടാൻ കസ്റ്റംസ് അസിസ്റ്റന്റ് കമീഷണർക്ക് ദുൽഖർ അപേക്ഷ നൽകണം. അപേക്ഷ പരിഗണിച്ച് ദുൽഖറിന് ഉപാധികളോടെ വാഹനം വിട്ടു നൽകണമെന്നായിരുന്നു ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിൽ നിർദേശിച്ചത്.