നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി. വളരെ വ്യത്യസ്തമായ ഒരു സിനിമയായിരുന്നു അത്. സമീർ താഹിർ സംവിധാനം ചെയ്ത ചിത്രത്തിൽ ദുൽക്കർ സൽമാൻ ആയിരുന്നു നായകൻ. സമീറിൻറെ അടുത്ത ചിത്രത്തിലും ദുൽക്കർ തന്നെ നയകനാകുന്നു എന്നാണ് വിവരം.
നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി ഒരു യാത്രയുടെ കഥയായിരുന്നു. കേരളം, കർണാടകം, ആന്ധ്രപ്രദേശ്, ഒറീസ, പശ്ചിമബംഗാൾ, നാഗാലാൻഡ് എന്നിവിടങ്ങളിലെല്ലാം ആ ചിത്രം ഷൂട്ട് ചെയ്തു. എന്നാൽ പുതിയ സിനിമയിൽ കൊച്ചി മാത്രമേയുള്ളൂ. ദുൽക്കർ നായകനാകുന്ന ഒരു പ്രണയചിത്രമാണിത്. ആക്ഷനും പ്രാധാന്യമുണ്ട്. കഥയും കഥാപാത്രങ്ങളും കൊച്ചിയിൽ തന്നെ ജീവിക്കും.
ഈ സിനിമയുടെ തിരക്കഥ പൂർത്തിയാക്കുന്നതിൻറെ തിരക്കിലാണ് സമീർ താഹിർ. വലിയ താരനിരയൊന്നും ഈ ചിത്രത്തിൽ ഉണ്ടാകില്ല.
രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ദുൽക്കർ ഇപ്പോൾ വർക്ക് ചെയ്യുന്നത്. അതിന് ശേഷമ് സമീർ താഹിറിൻറെ സിനിമയിൽ ജോയിൻ ചെയ്യും. അതുകഴിഞ്ഞാൽ ദുൽക്കർ നേരെ പോകുന്നത് മണിരത്‌നത്തിൻറെ സെറ്റിലേക്കാണ്. മാസങ്ങളോളം പിന്നെ അവിടെയായിരിക്കും യുവസൂപ്പർതാരം ചെലവഴിക്കുക.